പിടിവിടരുത്; ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ഇന്ന്
text_fieldsരാജ്കോട്ട്: ജയിച്ചാൽ ഇന്ത്യക്ക് പ്രതീക്ഷ, തോറ്റാൽ പരമ്പര നഷ്ടം... വെള്ളിയാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി20 മത്സരത്തിന്റെ സ്ഥിതി ഇതാണ്. ആദ്യ രണ്ട് കളിയിൽ പരാജയം ഏറ്റുവാങ്ങിയ ആതിഥേയർ മൂന്നാമത്തേതിൽ 48 റൺസ് വിജയവുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.
അഞ്ച് മത്സര പരമ്പരയിൽ 1-2ന് മുന്നിൽനിൽക്കുന്ന സന്ദർശകർക്ക് ഒരൊറ്റ ജയം മതി. ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ളതെല്ലാം ജീവന്മരണ പോരാട്ടങ്ങളാണ്. അപ്രതീക്ഷിതമായി നായകപദവി കൈയിൽകിട്ടിയ ഋഷഭ് പന്തിനെ സംബന്ധിച്ച് അഭിമാനപരമ്പര കൂടിയാണിത്. പരാജയമായാൽ ഭാവിക്യാപ്റ്റനെന്ന സ്റ്റാറ്റസ് നഷ്ടമായിക്കൂടെന്നില്ല, ഹർദിക് പാണ്ഡ്യ രംഗപ്രവേശനം ചെയ്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
ഓപണർ ഋതുരാജ് ഗെയ്ക് വാദ് ആദ്യ രണ്ടു കളിയിൽ വേഗം പുറത്തായത് തലവേദനയായിരുന്നു. എന്നാൽ, വിശാഖപട്ടണത്ത് അർധശതകത്തോടെ മിന്നുന്ന ഋതുരാജിനെയാണ് കണ്ടത്. ഇഷാൻ കിഷൻ പതിവുപോലെ ഗംഭീരതുടക്കം നൽകി. മധ്യനിരയിലെ അസ്ഥിരത പ്രശ്നമാണ്.
ഒരു കളിയിൽ മാത്രമാണ് ക്യാപ്റ്റൻ പന്തിന് രണ്ടക്കമെങ്കിലും കടക്കാനായത്. സ്പിന്നർ യുസ്വേന്ദ്ര ചാഹലായിരുന്നു കഴിഞ്ഞ കളിയിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചതിൽ പ്രധാനി. പേസർമാരായ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും നന്നായി പന്തെറിയുന്നുണ്ട്. ആവേഷ് ഖാന് മൂന്ന് മത്സരത്തിൽനിന്ന് ഒരു ഇരയെ പോലും കിട്ടിയിട്ടില്ല. ദക്ഷിണാഫ്രിക്കയാവട്ടെ ആത്മവിശ്വാസത്തിലാണ്. കോവിഡ് ബാധിതനായി വിശ്രമത്തിലുള്ള ബാറ്റർക്ക് പരമ്പരയിൽ ഇനി കളിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.