ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് മഴയോടെ സമാപനം
text_fieldsബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഞായറാഴ്ച രാത്രി മഴയോടെ സമാപനമായി. ഇരു ടീമും രണ്ടു വീതം മത്സരങ്ങൾ ജയിച്ചുനിൽക്കവെ ഫൈനലിന് സമാനമായ അഞ്ചാം മത്സരം പക്ഷേ ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. പരമ്പരയിലെ ടോസ് അടക്കം പല കാര്യങ്ങളും കൗതുകമുണർത്തി. ഇവയിൽ ഏറ്റവും പ്രധാനം ടീം പ്രഖ്യാപിച്ച സമയത്തെ നായകരല്ല കിരീടം ഏറ്റുവാങ്ങിയതെന്നതുതന്നെ. ആദ്യ മത്സരത്തിന്റെ തലേന്നാണ് പരിക്കേറ്റ കെ.എൽ. രാഹുലിനു പകരം ഇന്ത്യ ഋഷഭ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. ദക്ഷിണാഫ്രിക്കയെയാവട്ടെ ടെംബാ ബാവുമക്ക് പകരം അവസാന കളിയിൽ നയിക്കാനിറങ്ങിയത് സ്പിന്നർ കേശവ് മഹാരാജാണ്. ഇരു ടീമും കിരീടം പങ്കിട്ടപ്പോൾ പുതിയ ക്യാപ്റ്റന്മാർക്ക് ഒരുമിച്ച് കിരീടം ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായി.
മാറ്റമില്ലാതെ ടോസും ഇന്ത്യൻ ഇലവനും
അഞ്ചു മത്സരങ്ങളടങ്ങിയ ഒരു ട്വന്റി20 പരമ്പരയിൽ മുഴുവൻ ടോസ് ഭാഗ്യമില്ലാത്ത ക്യാപ്റ്റനെന്ന അപൂർവ റെക്കോഡ് 'നേടാനായി' ഋഷഭ് പന്തിന്. ആദ്യ നാല് കളിയിലും ടോസ് ബാവുമക്ക്. ബംഗളൂരിൽ ക്യാപ്റ്റൻ മഹാരാജായിട്ടും മാറ്റമുണ്ടായില്ല. അഞ്ച് കളിയിലും ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാനയച്ചു. മുഴുവൻ മത്സരത്തിലും ഒറ്റ ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സന്ദർശകർ പേക്ഷ ചെറിയ മാറ്റങ്ങൾ വരുത്തി. ബാറ്റിങ്ങിൽ നിറംമങ്ങിയ പന്തിന്റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി ഇതിനകം ചോദ്യങ്ങളുയർന്നിട്ടുണ്ട്. എന്നാൽ, ഋഷഭ് സംഘത്തിലെ അവിഭാജ്യഘടകമാണെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. ലേകകപ്പ് തയാറെടുപ്പിൽ ദിനേശ് കാർത്തിക്കിന്റെ സാന്നിധ്യവും കരുത്തുപകരുമെന്നാണ് പരിശീലകന്റെ വിലയിരുത്തൽ.
കേശവ് എന്ന 'ഇന്ത്യക്കാരൻ'
പേര് നൽകുന്ന സൂചനപോലെ ഇന്ത്യൻ വേരുകളുള്ളയാളാണ് കേശവ് മഹാരാജ്. താരത്തിന്റെ പ്രപിതാമഹൻ 1874ൽ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്ന് ജോലി തേടി ദക്ഷിണാഫ്രിക്കയിലെത്തിയതാണ്. നടാൽ പ്രവിശ്യാ ടീമിൽ വിക്കറ്റ് കീപ്പറായിരുന്നു കേശവിന്റെ പിതാവ് ആത്മാനന്ദ്. വർണവിവേചനയുഗത്തിൽ അന്താരാഷ്ട്ര കരിയർ നഷ്ടപ്പെട്ട താരമാണ് ഇദ്ദേഹം. സചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, കിരൺ മോറെ തുടങ്ങിയ ഇന്ത്യൻ താരങ്ങളുമായി അക്കാലത്ത് അടുത്ത സൗഹൃദം പുലർത്തിയിരുന്നു ആത്മാനന്ദ്. മൂന്നാം വയസ്സിൽ കേശവിനെ കണ്ടപ്പോൾതന്നെ മോറെ ഒരു പ്രവചനം നടത്തി; 'ഇവനൊരു സ്പിൻ ബൗളറാകും.' 13 വയസ്സുവരെ ഫുട്ബാളിനോട് ഇഷ്ടം കാണിച്ചിരുന്ന കേശവ് ക്രിക്കറ്റിലേക്ക് മാറിയപ്പോൾ പേസ് ബൗളറായിരുന്നു. പിന്നീട് മോറെയുടെ പ്രവചനം യാഥാർഥ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.