പ്ലസ് ടു പരീക്ഷ എഴുതണം; ഇന്ത്യൻ താരം ന്യൂസിലൻഡ് പരമ്പര കളിക്കില്ല
text_fieldsമുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ ഹർമൻപ്രീത് കൗർ തന്നെ നയിക്കും. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുക.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലു പുതുമുഖ താരങ്ങൾ ടീമിലെത്തി. ഈമാസം 24നാണ് ആദ്യ മത്സരം. വനിത ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ് സ്റ്റേജിൽ തന്നെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻസിയിൽനിന്ന് ഹർമൻപ്രീത് കൗറിനെ നീക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വലിയ പ്രതീക്ഷകളുമായി ലോകകപ്പിന് പോയ ഇന്ത്യൻ ടീമിന് നിരാശയായിരുന്നു ഫലം. ഗ്രൂപ് എയിൽ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
എന്നാല്‍ 35കാരി ഹർമൻപ്രീതിൽ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിച്ചു. പ്രിയ മിശ്ര, സയാലി സാത്ഗരെ, സൈമ ഠാക്കൂര്‍, തേജല്‍ ഹസാബ്‌നിസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ടീമിലില്ല. പ്ലസ് ടു പരീക്ഷയുള്ളതിനാലാണ് 21കാരിയെ ടീമിൽനിന്ന് ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിൽ അറിയിച്ചു. പരിക്കേറ്റ ആശോ ശോഭനയും ടീമിലില്ല.
ഓൾ റൗണ്ടർ പൂജ വസ്ത്രകാറിന് വിശ്രമം നൽകി. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. മൂന്നു മത്സരങ്ങളും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ട്വന്‍റി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വനിത ടീമിനും ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.