പുറത്തായിട്ടില്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യക്ക് നേരിയ അവസരം ! ഭാഗ്യം തുണച്ചാൽ കളിക്കാം
text_fieldsകഴിഞ്ഞ ദിവസം ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനുള്ള അവസരത്തിന് ഏകദേശം അന്ത്യമായി എന്ന് തന്നെ പറയാം. എന്നാലും പൂർണമായി ഇന്ത്യൻ ടീമിന്‍റെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. അത്ഭുതങ്ങൾ നടന്നാൽ ഇന്ത്യക്ക് കലശപ്പോരിൽ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള അവസരം ലഭിക്കും.
കഴിഞ്ഞ ദിവസം സെഞ്ചൂറിയനില്‍ പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ദക്ഷിണാഫ്രിക്ക ജയിച്ചതോടെ അവര്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പാക്കി കഴിഞ്ഞു. ഇനി രണ്ടാം ടീം ആരെന്നതു മാത്രമാണ് അറിയേണ്ടത്. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ജയിച്ചാൽ ഇന്ത്യയുടെ ഫൈനൽ ബർത്ത് എന്ന സാധ്യത നിലനിൽക്കും. ഓസീസിന് പിന്നീട് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്കക്കെതിരെ കളിക്കണം. ഇതിൽ രണ്ടിൽ ഒരു മത്സരം അവർ ജയിച്ചാൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കും. രണ്ട് മത്സരത്തിലും ഓസീസിന് ജയമില്ലെങ്കിൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം.
ആസ്ട്രേലിയക്ക് ഒരു ടെസ്റ്റ് വിജയം മാത്രം അകലെയാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റും ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളും അവര്‍ക്ക് മുന്നില്‍ ഉണ്ട്. ഇതില്‍ ഒരു കളി ജയിച്ചാല്‍ തന്നെ ഓസീസ് രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തും. കങ്കാരുപ്പട മൂന്ന് കളിയും തോൽക്കുകയും അല്ലെങ്കിൽ മൂന്നിലും ജയമില്ലാതെ സമനില ആവുകയും ചെയ്താൽ മാത്രമാണ് ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് ജയിച്ചാലും സാധ്യത നിൽക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യ അടുത്ത മത്സരം വിജയിക്കുകയും ശ്രീലങ്കയുടെ റിസൽട്ട് കാത്തിരിക്കുകയും വേണം.
ബംഗ്ലാദേശിനെ രണ്ട് ടെസ്റ്റിലും വീഴ്ത്തി പരമ്പര തൂത്തുവാരി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ഇന്ത്യ പൊടുന്നനെയാണ് താഴേക്ക് പോയത്. സ്വന്തം തട്ടകത്തിൽ അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സര പരമ്പര സകല കണക്കുകൂട്ടലും തെറ്റിക്കുന്നതായി. പരമ്പരയിലെ മൂന്ന് മത്സരവും ജയിച്ച് ന്യൂസിലാൻഡ് പരമ്പര തൂത്തുവാരുകയായിരുന്നു പിന്നീട് ഓസീസ് മണ്ണില്‍ ഇറങ്ങി പെര്‍ത്ത് ടെസ്റ്റില്‍ വിജയത്തോടെ തുടങ്ങിയതോടെ ഒന്നാം സ്ഥാനം നിലനിന്നു. എന്നാല്‍ പിന്നീടുള്ള മൂന്നില്‍ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ തോറ്റതോടെ ഇന്ത്യക്ക് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ വമ്പൻ തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.