ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി; മുംബൈയിൽ ചരിത്രമെഴുതി അജാസ് പേട്ടൽ
text_fieldsമുംബൈ: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി അജാസ് പേട്ടൽ. ഇന്ത്യൻ വംശജന്‍റെ മിന്നും പ്രകടനത്തിന് മുന്നിൽ ഇന്ത്യ 325 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് പത്ത് റൺസ് എടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത വിൽ യങ്ങിന്‍റെ വിക്കറ്റ് മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്.
നാലുവിക്കറ്റിന് 221 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. 150 റൺസെടുത്ത ഓപണർ മായങ്ക് അഗർവാളാണ് ടീമിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത്. വാലറ്റക്കാരനായി എത്തിയ അക്സർ പേട്ടൽ (128 പന്തിൽ 52 റൺസ്) മികച്ച പിന്തുണ നൽകി.
ശുഭ്മൻ ഗിൽ (44), ശ്രേയസ് അയ്യർ (18), വൃദ്ധിമൻ സഹ (27), ജയന്ത് ദേവ് (12), സിറാജ് (നാല്) എന്നിങ്ങനെയാണ് ഇന്ത്യൻ നിരയിൽ സ്കോർ കണ്ടെത്തിയ മറ്റു ബാറ്റ്സ്മാൻമാർ. ക്യാപ്റ്റൻ കോഹ്ലി ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ റണ്ണെന്നും എടുക്കാതെ അജാസ് പേട്ടലിന്റെ ബൗളിങ്ങിന് മുന്നിൽ കീഴടങ്ങി.
47.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് അജാസ് പത്ത് വിക്കറ്റ് വീഴ്ത്തിയത്. മുംബൈയിൽ ജനിച്ചുവളർന്ന അജാസ് യൂനുസ് പേട്ടൽ കുടുംബത്തോടൊപ്പം എട്ടാം വയസ്സിലാണ് ന്യൂസിലാൻഡിലേക്ക് കുടിയേറുന്നത്.
2018ൽ പാകിസ്താനെതിരെ യു.എ.ഇയിൽ നടന്ന മത്സരത്തിലൂടെയാണ് താരം ന്യൂസിലാൻഡിന്‍റെ ജഴ്സിയണിയുന്നത്. 11 ടെസ്റ്റുകളിൽനിന്നായി 39 വിക്കറ്റുകൾ ഇതുവരെ നേടി. ഏഴ് ട്വന്‍റി20കളിൽനിന്ന് ഏഴ് വിക്കറ്റുമുണ്ട്.
ഇന്ത്യൻ താരം അനിൽ കുംബ്ലക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേട്ടം കുറിക്കുന്ന താരമാണ് അജാസ്. 1956ൽ ആസ്ട്രേലിയക്കെതിരെ ജെ.സി. ലേക്കർ എന്ന ഇംഗ്ലീഷ് താരമാണ് ആദ്യമായി പത്ത് വിക്കറ്റ് നേടുന്നത്. ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്ന് താരങ്ങളും സ്പിന്നർമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
1999ൽ പാകിസ്താനെതിരായിരുന്നു കുംബ്ലയുടെ പത്ത് വിക്കറ്റ് നേട്ടം. 1985ൽ ആസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് നേടിയ ആർ.ജെ ഹഡ്ലിയുടെ പേരിലായിരുന്നു ഇതുവരെ ന്യൂസിലാൻഡിന്‍റെ മികച്ച ബൗളിങ് പ്രകടനം. അതാണിപ്പോൾ അജാസ് പേട്ടൽ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.