ആദ്യ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
text_fieldsനോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 95 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. അർധസെഞ്ച്വറി നേടിയ കെ.എൽ. രാഹുലിന്‍റെയും (84) രവീന്ദ്ര ജദേജയുടെയും (56) മികവിൽ ഇന്ത്യ 278 റൺസെടുത്തു. ആദ്യ ദിവസം ഇന്ത്യ ഇംഗ്ലണ്ടിനെ 183 റൺസിന് പുറത്താക്കിയിരുന്നു.
മഴ തടസപ്പെടുത്തിയ രണ്ടാം ദിനം നാലിന് 125 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. 57 റൺസുമായി രാഹുലും ഏഴു റൺസുമായി ഋഷഭ് പന്തുമായിരുന്നു ക്രീസിൽ.
പന്ത് വേഗത്തിൽ 25 റൺസ് സ്കോർ ബോർഡിൽ ചേർത്തുവെങ്കിലും മൂന്നാം ദിവസം ഒലി റോബിൻസണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ജദേജ 16ാം ടെസ്റ്റ് അർധശതകം തികച്ചെങ്കിലും ബൂംറ (28), ശർദുൽ ഠാക്കൂർ (0), മുഹമ്മദ് ഷമി (28) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ പിഴുത് ഇംഗ്ലണ്ട് ഇന്ത്യയെ കൂറ്റൻ ലീഡിൽ നിന്ന് തടുത്തു. മുഹമ്മദ് സിറാജ് ഏഴു റൺസുമായി പുറത്താകാതെ നിന്നു.
ഒലി റോബിൻസൺ ടെസ്റ്റിലെ കന്നി അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. അതേ സമയം നാലു വിക്കറ്റ് പിഴുത വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായി മാറി. രാഹുലിനെ പുറത്താക്കിയാണ് ജിമ്മി നാഴികക്കല്ല് പിന്നിട്ടത്.
ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയെയാണ് (619) മറികടന്നത്. മുത്തയ്യ മുരളീധരനും (800) ഷെയ്ൻ വോണും (708) മാത്രമാണ് ഇനി 39കാരന്‍റെ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.