കംഗാരുക്കൾക്ക് രക്ഷയില്ല! പിടിച്ചുകെട്ടി രാഹുലും ജയ്സ്വാളും; രണ്ടാം ദിനം വമ്പൻ ലീഡ്
text_fieldsപെർത്ത്: ഒന്നാംനാളിലെ അപ്രതീക്ഷിത വീഴ്ചയുടെ പാർശ്വഫലങ്ങളില്ലാതെ ഉഗ്രരൂപം പൂണ്ട ബാറ്റർമാരുടെ കരുത്തിൽ അതിവേഗം ബഹുദൂരം ഇന്ത്യൻ കുതിപ്പ്. ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും പുതുമുഖ താരം ഹർഷിത് റാണയും ചേർന്ന് 104 റൺസിൽ ഓസീസിനെ എറിഞ്ഞിട്ട ശേഷം ബാറ്റെടുത്ത യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ചേർന്ന് 172 റൺസിന്റെ കീഴടങ്ങാത്ത കൂട്ടുകെട്ടുമായി പെർത്തിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിങ് സീറ്റിലെന്ന് ഉറപ്പിച്ചു.
രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അർധ സെഞ്ച്വറി കണ്ടെത്തിയ ഇരുവരുടെയും കരുത്തിൽ സന്ദർശകർ 218 റൺസിന്റെ മികച്ച ലീഡ് നേടിയിട്ടുണ്ട്. ഇതേ പ്രകടനം തുടർന്നാൽ ടെസ്റ്റിൽ ഓസീസ് തോൽവിയറിയാത്ത പെർത്തിലെ ഓപ്റ്റസ് മൈതാനത്ത് അവരെ വീഴ്ത്തി ബോർഡർ- ഗവാസ്കർ പരമ്പരയിൽ ആധിപത്യമുറപ്പിക്കാൻ ഇന്ത്യക്കാകും. ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിൽ ശനിയാഴ്ച ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ പിടിച്ചുനിൽക്കാൻ വിടാതെ ക്യാപ്റ്റൻ ബുംറ ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷിത് റാണ അവശേഷിച്ച രണ്ടുപേരെയും തിരിച്ചയച്ചു.
വാലറ്റത്ത് 110 പന്ത് നേരിട്ട് പിടിച്ചുനിൽക്കാൻ സ്റ്റാർക്കും ഹേസൽവുഡും ചേർന്ന് നടത്തിയ ശ്രമമാണ് റാണയുടെ മികവിൽ പൊളിഞ്ഞത്. 104 റൺസിൽ എല്ലാവരും കൂടാരം കയറിയ ശേഷമായിരുന്നു ബാറ്റിങ്ങിൽ ഇന്ത്യയുടെ പുതുവേഷം. ജയ്സ്വാൾ 193 പന്തിൽ 90 റൺസെടുത്തും കെ.എൽ. രാഹുൽ 154 പന്തിൽ 62 റൺസുമായും ക്രീസിലാണ്.
ആദ്യ ദിവസം ബൗൺസും വേഗവും കൊണ്ട് ഇരു ടീമിലെയും ബാറ്റർമാരെ വെള്ളം കുടിപ്പിച്ച ക്രീസിന്റെ സ്വഭാവം സമ്പൂർണമായി മാറ്റിയായിരുന്നു ശനിയാഴ്ചത്തെ പ്രകടനം. ന്യൂബോളിനെ വളരെ പക്വതയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ട രാഹുലും യശസ്വി ജയ്സ്വാളും മത്സരത്തിൽ ഇന്ത്യക്ക് കൃത്യമായ മേൽക്കൈ നൽകി. 46 റണ്സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു ഇന്ത്യ.
1986ൽ സിഡ്നിയിൽ ആസ്ട്രേലിയക്കെതിരെ സുനിൽ ഗവാസ്കറും ക്രിസ് ശ്രീകാന്തും ഒന്നാം വിക്കറ്റിൽ നേടിയ 191 റൺസ് കൂട്ടുകെട്ടിന്റെ റെക്കോഡ് മറികടക്കാൻ 20 റൺസ് കൂടി നേടിയാൽ യശസ്വിക്കും രാഹുലിനുമാകും.
തിരിച്ചും മറിച്ചും സ്വിങ് ചെയ്തിട്ടും ബൗൺസറുകളെറിഞ്ഞും പേസിൽ വ്യതിയാനം വരുത്തിയും എറിഞ്ഞും ഇന്ത്യൻ ഓപണർമാരെ കുഴക്കാൻ ഓസീസ് ശ്രമിച്ചുവെങ്കിലും കുലുങ്ങില്ലെന്ന മട്ടിലായിരുന്നു ഇന്ത്യൻ ബാറ്റർമാർ. അവസാന വിക്കറ്റിൽ ആസ്ട്രേലിയൻ ബാറ്റർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവർ ചേർന്ന് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചിരുന്നു.
എന്നാൽ, അതിനപ്പുറം ആസ്ട്രേലിയൻ ബൗളർമാരെ പരീക്ഷിക്കുകയാണ് രാഹുൽ -ജയ്സ്വാൾ സഖ്യം. ഏഴ് ഫോറും രണ്ട് സിക്സറുമടിച്ചാണ് ജയ്സ്വാൾ 90 റൺസ് നേടിയത്. നാല് ഫോറടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.