'ലങ്കന്‍ പര്യടനം മുതല്‍ പുതിയ കോച്ച്; അടുത്ത ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും'
text_fieldsമുംബൈ: ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകന്‍, ഈ മാസം ഒടുവില്‍ ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ നിയമിതനാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിന്റെ അഭാവത്തില്‍, ഈ മാസം സിംബാബ്വെക്ക് എതിരെ നടക്കുന്ന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം പരിശീലകനായി ചേരും. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാകും പുതിയ മുഖ്യപരിശീലകനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി നടത്തിയ അഭിമുഖത്തില്‍ ഗംഭീറിനൊപ്പം വനിതാ ടീമിന്റെ മുന്‍ പരിശീലകന്‍ ഡബ്ല്യു.വി. രാമനെയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.
''പുതിയ കോച്ചും സെലക്ടറും ഉടനെ നിയമിതരാകും. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അഭിമുഖം നടത്തുകയും രണ്ടുപേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിംബാബ്വെയിലേക്ക് യുവനിരക്കൊപ്പം വി.വി.എസ് ലക്ഷ്മണ്‍ പോകും. ശ്രീലങ്കന്‍ പരമ്പര മുതല്‍ പുതിയ കോച്ച് നിയമിതനാകും. ഒരു നല്ല ക്രിക്കറ്റര്‍ക്ക് എപ്പോള്‍ കളി നിര്‍ത്തണമെന്നതിലും വ്യക്തമായ ധാരണയുണ്ടാകും. കഴിഞ്ഞ ദിവസം രോഹിത്തും കോലിയും ജദേജയും ട്വന്റി20യില്‍നിന്ന് വിരമിച്ചു. അവര്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയും വരാനിരിക്കുന്ന ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പുമാണ് ഇനി നമ്മുടെ ലക്ഷ്യം'' -ജയ് ഷാ പറഞ്ഞു.
ജൂലൈ ആറിനാണ് സിംബാബ്വെക്കെതിരെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി20 പരമ്പരക്ക് തുടക്കമാകുന്നത്. ഹരാരെയിലാണ് എല്ലാം മത്സരങ്ങളും നടക്കുന്നത്. യുവതാരങ്ങളടങ്ങിയ ഇന്ത്യയെ നയിക്കുന്നത് ശുഭ്മന്‍ ഗില്ലാണ്. മലയാളി താരം സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും കളത്തില്‍ ഇറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.