ട്വൻറി20 ലോകകപ്പ് ഇന്ത്യയിൽനിന്ന് മാറ്റുമെന്ന് റിപ്പോർട്ട്; വേദിയൊരുക്കുക യു.എ.ഇയും ഒമാനും
text_fieldsഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലായി നടക്കാൻ സാധ്യതയേറി. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ടൂർണമെൻറ് ഇന്ത്യയിൽനിന്ന് മാറ്റുന്നതിന് തടസ്സമില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ടൂർണമെൻറിൽ അബൂദബി, ദുബൈ, ഷാർജ എന്നിവ കൂടാതെ ഒമാൻെറ തലസ്ഥാനമായ മസ്കത്തായിരിക്കും നാലാമത്തെ വേദി.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജൂൺ ഒന്നിന് ചേർന്ന യോഗത്തിൽ ഇന്ത്യക്ക് നാലാഴ്ച സമയം ഐ.സി.സി അനുവദിച്ചിരുന്നു. ഇന്ത്യയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ ലോകകപ്പ് ഇവിടെ നടത്താൻ പ്രയാസമായിരിക്കുമെന്നാണ് ഐ.സി.സി ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗം പേരുടേയും അഭിപ്രായം.
ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ബി.സി.സി.ഐ നടത്തിയ ആഭ്യന്തര ചർച്ചയിലാണ് വേദിമാറ്റത്തിന് സമ്മതം അറിയിക്കാൻ തീരുമാനിച്ചത്.
ലോകകപ്പ് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങൾ ഇന്ത്യക്ക് തന്നെയായിരിക്കും. ഇന്ത്യയിൽ നടന്ന ഐ.പി.എല്ലിൻെറ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുകയാണ്. അതിന് പിന്നാലെയാകും ലോകകപ്പും വരിക. ഐ.പി.എല്ലിന് ശേഷം വേദികളിൽ അറ്റകുറ്റപ്പണി ആവശ്യമുള്ളതിനാൽ ആദ്യഘട്ട മത്സരങ്ങൾ മസ്കത്തിലാകും നടക്കുക.
ഇന്ത്യയിൽ നിലവിൽ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതും വേദിമാറ്റത്തിന് ഐ.സി.സിയെ നിർബന്ധിതരാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.