റണ്ണടിച്ചുകൂട്ടി കോഹ്‍ലിയും കൂട്ടരും, ഓറഞ്ച് എറിഞ്ഞുവീഴ്ത്തി ഇന്ത്യ
text_fieldsസിഡ്നി: പാകിസ്താനെതിരെ കാഴ്ചവെച്ച തകർപ്പൻ ഇന്നിങ്സിന്റെ തുടർച്ചയുമായി വിരാട് കോഹ്‍ലി. മികച്ച പിന്തുണ നൽകി ക്യാപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും. താരതമ്യേന വമ്പൻ ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ഓറഞ്ചുപടയെ എറിഞ്ഞു വീഴ്ത്തി പേസ്-സ്പിൻഭേദമില്ലാതെ ബൗളിങ് നിര. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ നെതർലൻഡ്സിനെ 56 റൺസിന് തകർത്തുവിട്ട് തുടർച്ചയായ രണ്ടാം ജയത്തിലേക്ക് ആധികാരികമായി ഇന്ത്യൻ കുതിപ്പ്. ഇതോടെ ഗ്രൂപ് രണ്ടിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ കോഹ്‍ലി (44 പന്തിൽ പുറത്താകാതെ 62), ക്യാപ്റ്റൻ രോഹിത് ശർമ (39 പന്തിൽ 53), സൂര്യകുമാർ യാദവ് (25 പന്തിൽ പുറത്താകാതെ 51) എന്നിവരുടെ അർധശതകങ്ങളുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 179 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
തുടർച്ചയായ രണ്ടാം മത്സരത്തിലും അപരാജിത അർധശതകവുമായി തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന മികവിലേക്ക് തിരിച്ചെത്തുകയായിരുന്നു വിരാട് കോഹ്‍ലി. 12 പന്തിൽ ഒമ്പതു റൺസെടുത്ത കെ.എൽ. രാഹുൽ പോൾ വാൻ മീകെരെന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 11 റൺസ് മാത്രം. ഈ ഘട്ടത്തിൽ ഒത്തുചേർന്ന കോഹ്‍ലി-രോഹിത് സഖ്യം രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടുമായാണ് ടീമിന്റെ രക്ഷക്കെത്തിയത്.
'ജീവൻ' കിട്ടി രോഹിത്
സ്ലോ പിച്ചിൽ ബാറ്റിങ് ഒട്ടും അനായാസമായിരുന്നില്ല. ആധുനിക ക്രിക്കറ്റിലെ സാങ്കേതികത്തികവും കരുത്തുമുള്ള രണ്ടു പ്രമുഖ ബാറ്റ്സ്മാന്മാർ ഒത്തുചേർന്നിട്ടും സ്കോർബോർഡിലേക്ക് സാവകാശമാണ് റണ്ണെത്തിയത്. ആദ്യ ആറോവറിൽ ഒരു വിക്കറ്റിന് 32 റൺസ് മാത്രമായിരുന്നു സമ്പാദ്യം. പാകിസ്താനെതിരെയെന്ന പോലെ തുടക്കത്തിൽ വിരാട് ജാഗ്രതയോടെയാണ് കണിശതയേറിയ നെതർലൻഡ്സ് ബൗളിങ്ങിനെ നേരിട്ടത്.
എന്നാൽ, മറുവശത്ത് രോഹിതിന്റെ കണക്കുകൂട്ടലുകൾ പിഴച്ചുകൊണ്ടിരുന്നു. രണ്ടു തവണ ഹോളണ്ട് ഫീൽഡർമാരുടെ കൈകളിൽനിന്ന് അതിശയകരമായി ക്യാപ്റ്റന് 'ജീവൻ' ലഭിക്കുകയായിരുന്നു. ഫ്രെഡ് ക്ലാസനെതിരെ പുൾഷോട്ടിന് ശ്രമിച്ച് പാളിയപ്പോൾ മിഡോണിൽ ടിം പ്രിംഗിളാണ് ആദ്യം രോഹിതിനെ വിട്ടുകളഞ്ഞത്. പിന്നാലെ, അടുത്ത ഓവറിൽ ഷോർട്ട് ഫൈൻ ലെഗിൽ കൈയിലൊതുക്കാനുള്ള അവസരവും പ്രിംഗ്ൾ കളഞ്ഞുകുളിച്ചു.
ശേഷം താളം വീണ്ടെടുത്ത രോഹിത് രോഹിത് നാലു ഫോറും മൂന്നു സിക്സുമടക്കം അർധശതകം പിന്നിട്ടതിനു പിന്നാലെ മടങ്ങി. ക്ലാസന്റെ പന്തിൽ ഡീപ് മിഡ്‍വിക്കറ്റിൽ അക്കർമാന്റെ ക്യാച്ച്.
കത്തിക്കയറി വിരാട്-സൂര്യ
ശേഷം ക്രീസിൽ ഒന്നിച്ച വിരാട് കോഹ്‍ലിയും സൂര്യകുമാറും ചേർന്ന് പതിയെ കത്തിക്കയറുകയായിരുന്നു. ഘട്ടംഘട്ടമായി സ്ട്രൈക്ക് റേറ്റുയർത്തിയ ഇരുവരും അവസാന ഘട്ടത്തിൽ കൂറ്റനടികളുമായി അരങ്ങുതകർത്തു. അവസാന ഓവറിൽ ഇരുവരും ലോഗൻ വാൻ ബിക്കിനെതിരെ ഓരോ സിക്സറും പറത്തിയാണ് 180 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. അഭേദ്യമായ മൂന്നാം വിക്കറ്റിൽ ഇരുവരും 48 പന്തിൽ 95 റൺസ് ചേർത്തു. കോഹ്‍ലി മൂന്നു ഫോറും രണ്ടു സിക്സുമുതിർത്തപ്പോൾ സൂര്യകുമാർ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് അമ്പതു കടന്നത്.
എറിഞ്ഞുവീഴ്ത്തി ബൗളർമാർ
മറുപടി ബാറ്റിങ്ങിൽ ടിം പ്രിംഗ്ൾ (20), കോളിൻ ആക്കർമാൻ (17), മാക്സ് ഓഡോവ്ഡ് (16), ബാസ് ഡി ലീഡ് (16), ഷാരിസ് അഹ്മദ് (16 നോട്ടൗട്ട്), പോൾ വാൻ മീകെരെൻ (14 നോട്ടൗട്ട്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നോവറിൽ ഒമ്പതു റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ രണ്ടു വിക്കറ്റെടുത്തത്. അക്സർ നാലോവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോൾ അശ്വിൻ 21 റൺസ് വിട്ടുകൊടുത്താണ് രണ്ടുപേരെ തിരിച്ചയച്ചത്. അർഷ്ദീപ് സിങ് 37 റൺസിന് രണ്ടു വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി 27 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.