ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20; ദക്ഷിണാഫ്രിക്കന്‍ ടീമെത്തി, ടീം ഇന്ത്യ തിങ്കളാഴ്ച്ചയെത്തും
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഈ മാസം 28നു നടക്കുന്ന ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യ തിങ്കളാഴ്ച്ച (26-09-22) തിരുവനന്തപുരത്തെത്തും. ഹൈദരാബാദില്‍ നിന്നും വൈകിട്ട് 4.30നാണ് ടീം ഇന്ത്യ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ. രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. രാജീവ്, എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തെ സ്വീകരിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്ച്ച (26-09-22) വൈകിട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. വൈകീട്ട് 4.30ന് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെക്കാണും.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനെത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ടീം ഇന്ത്യയും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റ് 27ന് നടക്കും. 27ന് ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വൈകീട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റനും മാധ്യമങ്ങളെക്കാണും.
മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23000 ടിക്കറ്റുകള്‍ വിറ്റു. 1400 അപ്പര്‍ ടിയര്‍ ടിക്കറ്റുള്‍പ്പടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. അപ്പര്‍ ടിയറില്‍ ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐ.ഡി കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐ.ഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐ.ഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.