തീപ്പൊരി രോഹിത് (121*), ഇടിവെട്ട് റിങ്കു (69*); ഇന്ത്യക്കെതിരെ അഫ്ഗാന് 213 റൺസ് വിജയലക്ഷ്യം
text_fieldsബംഗളൂരു: നായകൻ രോഹിത് ശർമയുടെയും റിങ്കു സിങ്ങുവിന്‍റെയും തീപ്പൊരി ബാറ്റിങ്ങിന്‍റെ കരുത്തിൽ ട്വന്‍റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ നേടിയ 190 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്‍റെ ക്ഷീണം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രോഹിത് അപരാജിത സെഞ്ച്വറിയിലൂടെ തീർത്തു. 69 പന്തിൽ 121 റൺസെടുത്തു. എട്ടു സിക്സും 11 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ട്വന്‍റി20യിൽ രോഹിത്തിന്‍റെ റെക്കോഡ് അഞ്ചാം സെഞ്ച്വറിയാണിത്. റിങ്കു 39 പന്തിൽ 69 റൺസെടുത്തു. ആറു സിക്സും രണ്ടു ഫോറും. കരീം ജനത്ത് എറിഞ്ഞ 20ാം ഓവറിൽ ഇരുവരും ചേർന്ന് അഞ്ച് സിക്സ് ഉൾപ്പെടെ 36 റൺസാണ് അടിച്ചെടുത്തത്. നേരത്തെ, ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. നായകന്‍റെ തീരുമാനം തെറ്റായിപോയെന്ന് തോന്നിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം.
ഓപ്പണർ യശസ്വി ജയ്സ്വാൾ (ആറു പന്തിൽ നാല് റൺസ്), വിരാട് കോഹ്ലി (പൂജ്യം), ശിവം ദുബെ (ആറു പന്തിൽ ഒന്ന്), സഞ്ജു സാംസൺ (പൂജ്യം) എന്നിവരെല്ലാം അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ 4.3 ഓവറിൽ നാലു വിക്കറ്റിന് 22 റൺസെന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. എന്നാൽ, രോഹിത്തും റിങ്കുവും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫരീദ് അഹ്മദിന്‍റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ചാണ് ജയ്സ്വാൾ പുറത്തായത്.
മുഹമ്മദ് നബിക്ക് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. അഹ്മദിന്‍റെ പന്തിൽ ഇബ്രാഹിം സദ്രാന്‍റെ കൈകളിലെത്തുകയായിരുന്നു. ട്വന്‍റി20യിൽ ആദ്യമായാണ് താരം ഗോൾഡൻ ഡക്കാകുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അർധ സെഞ്ച്വറി നേടി ടീമിന്‍റെ വിജയശിൽപിയായ ശിവം ദുബെ ഒരു റണ്ണുമായി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണും ആരാധകരെ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ താരവും പുറത്ത്. ഫരിദിനായിരുന്നു വിക്കറ്റ്.
അഫ്ഗാനുവേണ്ടി ഫരീദ് അഹ്മദ് മൂന്നു വിക്കറ്റ് നേടി. അസ്മത്തുല്ല ഉമർസായി ഒരുവിക്കറ്റും വീഴ്ത്തി.
കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സഞ്ജുവിനെ പുറമെ പേസർ ആവേശ് ഖാനും സ്പിന്നർ കുൽദീപ് യാദവും പ്ലെയിങ് ഇലവനിൽ ഇടംകണ്ടെത്തി. അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ എന്നിവർ പുറത്തായി. നാലു മാറ്റങ്ങളുമായാണ് അഫ്ഗാൻ ടീം കളിക്കാനിറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ, രവി ബിഷ്ണോയ്, മുകേഷ് കുമാർ.
ടീം അഫ്ഗാൻ: ഗുർബാസ് (ക്യാപ്റ്റൻ), സദ്രാൻ, നായിബ്, ഉമർസായി, നബി, നജീബുല്ല, ജനത്, ഷറഫുദ്ദീൻ, സലീം സാഫി, ഫരീദ്, ഖായിസ് അഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.