ജയ്സ്വാൾ-ദുബെ വെടിക്കെട്ട്; അഫ്ഗാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം; പരമ്പര
text_fieldsഇന്ദോർ: അഫ്ഗാനിസ്താനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 26 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: അഫ്ഗാൻ -20 ഓവറിൽ 172ന് ഓൾ ഔട്ട്. ഇന്ത്യ -15.4 ഓവറിൽ നാലു വിക്കറ്റിന് 173. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും ശിവം ദുബെയുടെയും അർധ സെഞ്ച്വറി വെടിക്കെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ആദ്യ മത്സരത്തിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 34 പന്തിൽ 68 റൺസെടുത്ത ജയ്സ്വാൾ കരീം ജനത്തിന്‍റെ പന്തിൽ ഗുർബാസിന് ക്യാച്ച് നൽകി പുറത്തായി. 27 പന്തിലാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. 32 പന്തിൽ 63 റൺസെടുത്ത് ദുബെ പുറത്താകാതെ നിന്നു. നാലു സിക്സും അഞ്ചു ഫോറും താരം നേടി. 22 പന്തിലാണ് അർധ സെഞ്ച്വറിയിലെത്തിയത്. നബി എറിഞ്ഞ 10ാം ഓവറിൽ തുടർച്ചയായ മൂന്നു സിക്സുകളാണ് ദുബെ നേടിയത്.
ഒന്നാം മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം മത്സരത്തിലും നായകൻ രോഹിത് ശർമ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ മത്സരത്തിലും താരം പൂജ്യത്തിനാണ് പുറത്തായത്. ഇടവേളക്കുശേഷം ട്വന്‍റി20 ടീമിലെത്തിയ കോഹ്ലി 16 പന്തിൽ 29 റൺസെടുത്തു.
നവീനുൽ ഹഖിന്‍റെ പന്തിൽ ഇബ്രാഹീം സദ്രാന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ജിതേഷ് ശർമ റണ്ണൊന്നും എടുക്കാതെ മടങ്ങി. ഒമ്പത് റൺസുമായി റിങ്കു സിങ് പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്കായി ഗുൽബദ്ദീൻ നായിബ് അർധ സെഞ്ച്വറി നേടി ടീമിന്‍റെ ടോപ് സ്കോററായി. 35 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്താണ് താരം പുറത്തായത്.
ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസ് (ഒമ്പത് പന്തിൽ 14), ഇബ്രാഹിം സദ്രാൻ (10 പന്തിൽ എട്ട്), അസ്മത്തുല്ല ഒമർസായ് (അഞ്ചു പന്തിൽ രണ്ട്), മുഹമ്മദ് നബി (18 പന്തിൽ 14), നജീബുല്ല സദ്രാൻ (21 പന്തിൽ 23), കരീം ജനത് (10 പന്തിൽ 20), നൂർ അഹ്മദ് (രണ്ടു പന്തിൽ ഒന്ന്), മുജീബുർ റഹ്മാൻ (ഒമ്പത് പന്തിൽ 21), ഫാറൂഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഒരു റണ്ണുമായി നവീനുൽ ഹഖ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് നേടി. രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.