മൂന്നെടുത്ത് ജഡേജ; അർധ സെഞ്ച്വറിക്കരികെ വീണ് ലബൂഷെയ്ൻ- ഇന്ത്യ തിരിച്ചടിക്കുന്നു
text_fieldsഡേവിഡ് വാർണറെയും ഉസ്മാൻ ഖ്വാജയെയും വീഴ്ത്തി മുഹമ്മദ് ഷമിയും സിറാജും നൽകിയ തുടക്കം ആവേശത്തോടെ മുന്നോട്ടുനയിച്ച് രവീന്ദ്ര ജഡേജ. കൂസാതെ ബാറ്റുവീശി ഓസീസ് ബാറ്റിങ്ങിനെ തകരാതെ നിർത്തിയ മാർനസ് ലബൂഷെയ്നെ അർധ സെഞ്ച്വറിക്ക് ഒരു റൺ അകലെയും സ്റ്റീവ് സ്മിത്തിനെ 37ലും മടക്കിയാണ് ജഡേജ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് നൽകിയത്.
രണ്ടു വിക്കറ്റിന് 84 റൺസ് എന്ന മാന്യമായ ടോട്ടലിൽ നിൽക്കെയാണ് 36ാം ഓവർ എറിയാനെത്തിയ ജഡേജ ഗിയർ മാറ്റിപ്പിടിച്ചത്. ജഡേജയുടെ പന്തിൽ കന്നിക്കാരനായ ഭരത് ഓസീസ് ഹിറ്ററെ സ്റ്റംപ് ചെയ്യുകയായിരുന്നു. തൊട്ടുപിറകെ റെൻഷായെ ജഡേജ വിക്കറ്റിന് പിന്നിൽ കുടുക്കി. അതോടെ, ബാക് ഫൂട്ടിലായ ആസ്ട്രേലിയൻ ബാറ്റിങ് കൂടുതൽ ഇഴയുന്നതിനിടെയാണ് സ്മിത്തും കൂടാരം കയറുന്നത്. ജഡേജയുടെ പന്തിൽ സ്മിത്ത് ബൗൾഡാകുകയായിരുന്നു. 44 ഓവർ പൂർത്തിയാകുമ്പോൾ ആസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 16 റൺസുമായി പീറ്റർ ഹാൻഡ്സ്കോംബും അഞ്ചു റൺസെടുത്ത് അലക്സ് കാരിയുമാണ് ക്രീസിൽ. 15 ഓവർ എറിഞ്ഞ ജഡേജ 30 റൺസ് വഴങ്ങിയാണ് മൂന്നു വിലപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കിയത്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീമിനായി ഇന്നിങ്സ് ഓപൺ ചെയ്യാനെത്തിയ ഡേവിഡ് വാർണറെയും ഉസ്മാൻ ഖ്വാജയെയും ഇന്ത്യൻ പേസർമാർ മടക്കി. ഇരുവർക്കും ഓരോ റൺ വീതമായിരുന്നു സമ്പാദ്യം. രണ്ടാം ഓവറിലെ ആദ്യ പന്തിൽ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ഖ്വാജയെ സിറാജും മടക്കി.
വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവും ശ്രീകാർ ഭരതും ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങുന്ന കളിയിൽ ജയം പിടിക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. നാലു ടെസ്റ്റുകളടങ്ങിയ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ആദ്യ മത്സരമാണ് വിദർഭ മൈതാനത്ത്.
ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ശ്രീകാർ ഭരത്, രവീന്ദ്ര ജഡേഷ, ആർ. അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.