ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ബുംറ കളിക്കില്ല
text_fieldsഇന്ദോർ: രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ആതിഥേയർ കളത്തിലിറങ്ങുന്നത്.
ആദ്യ കളിയിൽ ക്ലിനിക്കൽ പെർഫോമൻസിലൂടെ ഓസീസിനെ അഞ്ച് വിക്കറ്റിന് തകർത്ത ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. കഴിഞ്ഞ ടീമിൽനിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. പകരം പ്രസിദ്ധ് കൃഷ്ണ ടീമിലിടം നേടി. ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനം നേടിയതിന്റെ ത്രില്ലിലാണ് കെ.എൽ. രാഹുലും സംഘവും.
ലോകകപ്പ് പടിവാതിലിൽ നിൽക്കെ സന്ദർശകർക്കും ഒരു പരമ്പര നഷ്ടം ക്ഷീണം ചെയ്യും. സ്റ്റീവൻ സ്മിത്താണ് ഓസീസ് നായകൻ. മിച്ചൽ മാർഷും പാറ്റ് കമ്മിൻസും ടീമിലില്ല. അഞ്ച് വിക്കറ്റ് നേട്ടവുമായി കസറിയ പേസർ മുഹമ്മദ് ഷമിയുടെ മികവിൽ ഓസീസിനെ 276 റൺസിലൊതുക്കിയ ഇന്ത്യ ശുഭ്മൻ ഗില്ലിന്റെയും ഋതുരാജ് ഗെയ്ക് വാദിന്റെയും കെ.എൽ. രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർധ ശതകങ്ങളുടെ അകമ്പടിയിലാണ് ആദ്യ ഏകദിനത്തിൽ അനായാസം ലക്ഷ്യം കണ്ടത്.
ആദ്യ മത്സരത്തിൽ ബാറ്റർമാർ ഉദ്ദേശിച്ച രീതിയിൽ സ്കോർ ചെയ്യാതെ പോയതാണ് ഓസീസിന് തിരിച്ചടിയായത്. സൂപ്പർതാരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നീ താരങ്ങളില്ലാതെയാണ് ഇന്നും ഇന്ത്യ കളിക്കാനിറങ്ങുന്നത്.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക് വാദ്, ശ്രേയസ്സ് അയ്യർ, കെ.എൽ. രാഹുൽ (നായകൻ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ശാർദുൽ ഠാകൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ
ഓസീസ് ടീം: ഡേവിഡ് വാർണർ, മാറ്റ് ഷോട്ട്, സ്റ്റീവൻ സ്മിത്ത് (നായകൻ), മർനസ് ലബുഷെയിൻ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ,സീൻ അബോട്ട്, ആദം സാമ്പ, ജോഷ് ഹാസിൽവുഡ്, സ്പെൻസർ ജോൺസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.