ഇന്ത്യൻ ചെറുത്തുനിൽപ് അപകടത്തിലാക്കി വിക്കറ്റു വീഴ്ച; നാലു പേരെ മടക്കി ലിയോൺ
text_fields100ാം ടെസ്റ്റിനിറങ്ങി ചേതേശ്വർ പൂജാര സംപൂജ്യനായി മടങ്ങിയ ദിനത്തിൽ താരമായി ഓസീസ് ബൗളർ നഥാൻ ലിയോൺ. 66 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടമായ നാലു വിലപ്പെട്ട വിക്കറ്റുകളും വീഴ്ത്തിയാണ് ലിയോൺ ഓസീസിനെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയത്.
263 റൺസ് കടന്ന് ലീഡുപിടിക്കാൻ ബാറ്റുവീശിയ ഇന്ത്യൻ ഓപണർമാർ അനായാസം തുടങ്ങിയെങ്കിലും അർധ സെഞ്ച്വറിക്ക് മുമ്പ് ആദ്യ വിക്കറ്റ് വീണു. കെ.എൽ രാഹുലിനെ ലിയോൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അതുവരെയും ആധികാരികമായി റണ്ണെടുത്ത രോഹിതും വൈകാതെ മടങ്ങി. വ്യക്തിഗത സ്കോർ 32ൽ നിൽക്കെ ലിയോണിന്റെ അപകടകാരിയായ പന്തിൽ ബൗൾഡാകുകയായിരുന്നു. പകരമെത്തിയ ചേതേശ്വർ പൂജാര നിലയുറപ്പിക്കുംമുന്നേ റണ്ണൊന്നുമെടുക്കാതെ തിരിച്ചുനടന്നു. പരിക്കുമാറി തിരിച്ചെത്തിയ ശ്രേയസ് അയ്യരെ നിലംതൊടാൻ വിടാതെ നഥാൻ ഹാൻഡ്സ്കോംബിന്റെ കൈകളിലെത്തിച്ചു.
30 ഓവർ പിന്നിടുമ്പോൾ 12 റൺസുമായി വിരാട് കോഹ്‍ലിയും ഏഴു റൺസെടുത്ത് രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 74ഉം.
നേരത്തെ പേസർ മുഹമ്മദ് ഷമിയും സ്പിന്നർമാരായ അശ്വിൻ, ജഡേജ കൂട്ടുകെട്ടും കരുത്തുകാട്ടിയ ഒന്നാം ദിവസം ഇന്ത്യ എതിരാളികളെ 263 റൺസിന് മടക്കിയിരുന്നു.
ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് ജയവുമായി ഓസീസിനെ ഇല്ലാതാക്കിയ ഇന്ത്യ സമാന വിജയം ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി മൈതാനത്ത് കളി തുടങ്ങിയത്. ജയിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഏറെ അടുത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.