ആസ്ട്രേലിയ 263ന് പുറത്ത്; വൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ
text_fieldsന്യൂഡൽഹി: പേസ്, സ്പിൻ ബൗളർമാർ ഒരുമിച്ച് ആക്രമിച്ച ആദ്യ ദിനം രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയെ 263 റൺസിലൊതുക്കി ഇന്ത്യ. ഒന്നാമിന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ആതിഥേയർ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 21 റൺസെടുത്തു.
ക്യാപ്റ്റൻ രോഹിത് ശർമയും (13) കെ.എൽ. രാഹുലും (നാല്) ആണ് ക്രീസിൽ. ഓപണർ ഉസ്മാൻ ഖാജയും (81) പീറ്റർ ഹാൻഡ്സ്കോംബുമാണ് (72 നോട്ടൗട്ട്) ആസ്ട്രേലിയക്കുവേണ്ടി തിളങ്ങിയത്. 78.4 ഓവറിലാണ് സന്ദർശകർ പുറത്തായത്. 14.4 ഓവറിൽ 60 റൺസ് വഴങ്ങി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിനും രവീന്ദ്ര ജദേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നാഗ്പുരിൽ സ്പിന്നിനെ തുണച്ച്, ബാറ്റിങ് ദുഷ്കരമായിരുന്ന പിച്ചായിരുന്നെങ്കിൽ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ബാറ്റർമാർക്ക് അത്ര ബുദ്ധിമുട്ടുണ്ടായില്ല. ടേണിങ്ങുണ്ടായിരുന്നെങ്കിലും റൺസുകളും താരതമ്യേന എളുപ്പത്തിൽ പിറന്നു. മുഹമ്മദ് സിറാജ് വിക്കറ്റ് നേടിയില്ലെങ്കിലും ഓപണർമാരെ കുഴപ്പത്തിലാക്കി. ഡേവിഡ് വാർണർക്കെതിരെ രണ്ടു വട്ടം അപകടകരമായ ഷോട്ട്ബാളുകളാണ് സിറാജ് എയ്തത്. ഒരു പന്ത് കൈമുട്ടിലും മറ്റൊന്ന് ഹെൽമറ്റിലുമാണ് പതിച്ചത്.
ഒന്നാം വിക്കറ്റിൽ വാർണറും ഖാജയും 50 റൺസാണ് ചേർത്തത്. വിക്കറ്റ് കീപ്പർ കെ.എസ് ഭരതിന്റെ കൈയിലെത്തിച്ച് വാർണറെ (15) ഷമി മടക്കി. ഒന്നിന് 91 എന്ന നിലയിൽ മെച്ചപ്പെട്ടുവന്ന ആസ്ട്രേലിയക്ക് ഇരട്ടപ്രഹരമേൽപിച്ചാണ് അശ്വിൻ തിളങ്ങിയത്. 23ാം ഓവറിന്റെ നാലാം പന്തിൽ മാർനസ് ലബുഷെയ്നിനെ (18) തകർപ്പൻ ഓഫ് ബ്രേക്കിൽ വിക്കറ്റിനു മുന്നിൽ കുരുക്കിയ അശ്വിൻ, അവസാന പന്തിൽ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ പൂജ്യത്തിനും പുറത്താക്കി. ഭരത് ക്യാച്ചെടുക്കുകയായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ട്രവിസ് ഹെഡിന്റെ (12) വിക്കറ്റ് ഷമി സ്വന്തമാക്കി. അഞ്ചാം വിക്കറ്റിൽ ഖാജയും ഹാൻഡ്സ്കോംബും മികച്ച കൂട്ടുകെട്ടാണുയർത്തിയത്.
ചായക്കുമുമ്പ് ഇരുവരും ഇന്ത്യൻ സ്പിന്നർമാരെ ബുദ്ധിപരമായി നേരിട്ടു. ഖാജയുടെ റിവേഴ്സ് സ്വീപ്പുകൾ അതിമനോഹരമായിരുന്നു. ഓഫ്സൈഡിലൂടെ ഹാൻഡ്സ്കോംബ് സ്പിന്നർമാരെ ഭംഗിയായി കൈകാര്യം ചെയ്തു. എന്നാൽ, കാത്തിരുന്ന വിക്കറ്റ് ജദേജ നേടി. റിവേഴ്സ് സ്വീപ്പിനുള്ള ഖാജയുടെ ശ്രമം പാളി. ഒറ്റക്കൈകൊണ്ട് അത്യുഗ്രൻ ക്യാച്ചിലൂടെ രാഹുലാണ് ഓസീസ് ഓപണറെ പറഞ്ഞയച്ചത്. പിന്നീടെത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അറ്റാക്കിങ് ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്. രണ്ടു സിക്സും മൂന്നു ഫോറുമടക്കം 33 റൺസെടുത്ത നായകനെ ജദേജ മടക്കി.
ടോഡ് മർഫിക്കും (പൂജ്യം) അതേ ഓവറിൽ തിരിച്ചുകയറാനായിരുന്നു വിധി. വാലറ്റക്കാരായ നതാൻ ലിയോണിനെയും (പത്ത്) മാത്യു കുനെമനെയും (ആറ്) ഷമിയും പുറത്താക്കിയതോടെ 300 റൺസെന്ന ഓസീസ് പ്രതീക്ഷ അവസാനിച്ചു. 142 പന്തിൽ ഒമ്പത് ഫോറടക്കം പായിച്ചാണ് ഹാൻഡ്സ്കോംബ് 72 റൺസെടുത്ത് പുറത്താകാതെ നിന്നത്. ഒമ്പത് ഓവറിലാണ് ഇന്ത്യ 21 റൺസെടുത്തത്. പിച്ച് കുത്തിത്തിരിയുമെന്ന പ്രതീക്ഷയിൽ ഒരു പേസറും മൂന്ന് സ്പിന്നർമാരുമായാണ് ആസ്ട്രേലിയ ഇറങ്ങിയത്. ഇന്ത്യക്കുവേണ്ടി ചേതേശ്വർ പുജാര നൂറാം ടെസ്റ്റാണ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.