ഇന്ത്യക്ക് 21 റൺസ് തോൽവി; ആസ്ട്രേലിയക്ക് പരമ്പര (2-1)
text_fieldsചെന്നൈ: നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപിച്ച ആസ്ട്രേലിയക്ക് പരമ്പര (2-1). ഓസീസ് കുറിച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഓസീസും ജയിച്ചിരുന്നു.
ഓസീസ് താരം ആദം സാംബയുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യക്കായി കോഹ്ലി അർധ സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 49 ഓവറിൽ 269 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത്ത് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 9.1 ഓവറിൽ ചേർന്ന് 65 റൺസ് അടിച്ചെടുത്തു. രണ്ടാം ഏകദിനത്തിൽ ടീമിനെ നാണംകെടുത്തിയ മിച്ചൽ സ്റ്റാർക്കിനെ കണക്കിന് പ്രഹരിച്ചു.
പിന്നാലെ സീൻ അബോട്ടിന്‍റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിൽ സ്റ്റാർക്കിന് ക്യാച്ച് നൽകി നായകൻ മടങ്ങി. 17 പന്തിൽ രണ്ടു സിക്സും രണ്ടും ഫോറുമടക്കം 30 റൺസെടുത്താണ് പുറത്തായത്. ടീം സ്കോർ 77 റൺസിൽ നിൽക്കെ, ആദം സാംബയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി ഗിൽ മടങ്ങി. റിവ്യൂ പരിശോധനയിലാണ് ഔട്ട് വിധിച്ചത്. 49 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്തു. പകരം രാഹുൽ ക്രീസിലെത്തി. അഞ്ചാമനായി ഇറങ്ങാറുള്ള രാഹുൽ സൂര്യകുമാർ യാദവിന് പകരം നാലാമനായി ക്രീസിലെത്തി. അതീവ ശ്രദ്ധയോടെയാണ് രാഹുലും കോഹ്ലിയും ഇന്ത്യയെ നയിച്ചത്. കോലി അനായാസം ബാറ്റുവീശിയപ്പോൾ പതിയെ തുടങ്ങിയ രാഹുൽ പിന്നീട് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു.
ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 146ൽ നിൽക്കേ രാഹുൽ പുറത്തായി. ആദം സാംപയുടെ പന്തിൽ സീൻ അബോട്ടിന് ക്യാച്ച് നൽകി. 50 പന്തിൽ നിന്ന് 32 റൺസെടുത്ത് രാഹുൽ മടങ്ങി. കോഹ്ലിക്കൊപ്പം 69 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് രാഹുൽ മടങ്ങിയത് അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷർ റൺ ഔട്ടായി മടങ്ങി. വെറും രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. ക്രീസിലെത്തിയ ഹാർദിക്കിനെ സാക്ഷിയാക്കി കോഹ്ലി അർധശതകം കുറിച്ചു.
61 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി നേടിയത്. കോഹ്ലിയുടെ കരിയറിലെ 65ാം ഏകദിന അർധ സെഞ്ച്വറിയാണിത്. പിന്നാലെ താരം പുറത്തായി. ആഷ്ടൺ ആഗറുടെ പന്തിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി. 72 പന്തിൽ 54 റൺസെടുത്തു. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ആഷ്ടൺ ആഗറിന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാകുകയായിരുന്നു. ഇന്ത്യ ആറു വിക്കറ്റിന് 185 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ച് ഹാർദിക് ഇന്ത്യയുടെ സ്കോർ 200 കടത്തി. പിന്നാലെ സാംബയുടെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി ഹാർദിക് പുറത്തായി. 40 പന്തിൽ 40 റൺസാണ് സമ്പാദ്യം. 33 പന്തിൽ 18 റൺസെടുത്ത ജദേജയെയും സാംബ പുറത്താക്കി. അവസാന ഓവറുകളിൽ വമ്പനടികൾക്ക് മുതിർന്ന ഷമി 10 പന്തിൽ 14 റൺസുമായി സ്റ്റോയിനിസിന്‍റെ പന്തിൽ ബൗൾഡായി. 15 പന്തിൽ ആരു റൺസെടുത്ത കുൽദീപ് യാദവ് റണ്ണൗട്ടായി. മുഹമ്മദ് സിറാജ് മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
ഓസീസിനായി ആഷ്ടൺ അഗർ രണ്ടു വിക്കറ്റും മാർകസ് സ്റ്റോയിനിസ്, സീൻ അബോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും നൽകിയത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് ആദ്യ പത്തോവറിൽ 61 റൺസാണ് അടിച്ചെടുത്തത്. 11ാം ഓവറിലെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ ഹെഡിനെ മടക്കി. 31 പന്തിൽ നിന്ന് 33 റൺസെടുത്ത ഹെഡ് കുൽദീപ് യാദവിന് ക്യാച്ച് നൽകി മടങ്ങി.
അതേ ഓവറിൽ ഹെഡിനെ പുറത്താക്കാനുള്ള അവസരം ശുഭ്മൻ ഗിൽ പാഴാക്കിയിരുന്നു അക്കൗണ്ട് തുറക്കുംമുമ്പേ സ്മിത്തിനെയും ഹാർദിക് മടക്കി. മൂന്ന് പന്തിൽനിന്ന് റണ്ണൊന്നും എടുക്കാതെ വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകിയാണ് സ്മിത്ത് പുറത്തായത്. ഡേവിഡ് വാർണറെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് ടീമിന്‍റെ സ്കോർ ഉയർത്തുന്നതിനിടെ ഹാർദിക് വീണ്ടും രക്ഷകനായി. 47 പന്തിൽനിന്ന് 47 റൺസെടുത്താണ് മാർഷ് പുറത്തായത്. ബാറ്റിലുരസി പന്ത് വിക്കറ്റിൽ പതിക്കുകയായിരുന്നു. 31 പന്തിൽ 23 റൺസെടുത്ത ഡേവിഡ് വാർണറെയും 45 പന്തിൽ 28 റൺസെടുത്ത മാർനസ് ലാബുഷാഗ്നെയെയും കുൽദീപ് യാദവ് പുറത്താക്കി.
ഇതോടെ സന്ദർശകർ അഞ്ച് വിക്കറ്റിന് 138 റൺസ് എന്ന നിലയിലേക്ക് വീണു. പിന്നാലെ മാർക്കസ് സ്റ്റോയിനിസ് അക്സർ പട്ടേൽ മടക്കി. 26 പന്തിൽ 25 റൺസെടുത്ത താരം ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. 46 പന്തിൽ 38 റൺസെടുത്ത അലക്സ് കാരിയെ കുൽദീപ് ക്ലീൻ ബൗൾഡാക്കി. സീൻ അബോട്ട് (23 പന്തിൽ 26 റൺസ്), ആഷ്ടൺ അഗർ (21 പന്തിൽ 17 റൺസ്), മിച്ചൽ സ്റ്റാർക് (11 പന്തിൽ 10 റൺസ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
11 പന്തിൽ 10 റൺസെടുത്ത ആദം സാംബ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.