മൂന്നാം ഏകദിനത്തിൽ ഇന്ത്യ വീണു; ഒസീസിന് ആശ്വാസ ജയം
text_fieldsരാജ്കോട്ട്: ആസ്ട്രേലിയക്കെതിരെ ഒരു ഏകദിന പരമ്പരയിൽ സമ്പൂർണ ജയം എന്ന കടമ്പക്കായി ഇന്ത്യ ഇനിയും കാത്തിരിക്കണം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും ജയിച്ച് പരമ്പര തൂത്തുവാരാൻ മൂന്നാം അങ്കത്തിനിറങ്ങിയ ഇന്ത്യക്ക് കാലിടറി. 352 റൺസെന്ന ആസ്ട്രേലിയ തീർത്ത റൺമല താണ്ടാൻ ഇന്ത്യൻ ബാറ്റർമാർക്കായില്ല. 66 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ നിശ്ചിത 50 ഓവറിൽ എഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസെടുത്തത്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷാൻ എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഒസീസ് ഇന്ത്യക്കെതിരെ മികച്ച സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും 49.4 ഓവറിൽ 286 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
നാല് വിക്കറ്റെടുത്ത ഗ്ലെൻ മാക്സ് വെല്ലാണ് ഒസീസ് ജയം എളുപ്പമാക്കിയത്. ഓപണർ വാഷിങ്ടൺ സുന്ദർ 18 റൺസെടുത്ത് പുറത്തായെങ്കിലും വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് നായകൻ രോഹിത് ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. 57 പന്തിൽ ആറ് സിക്സും അഞ്ചു ഫോറുമുൾപ്പെടെ 81 റൺസെടുത്താണ് രോഹിത് ശർമ മടങ്ങിയത്. 61 പന്തിൽ 56 റൺസെടുത്ത് വിരാട് കോഹ്‌ലിയും 43 പന്തിൽ 48 റൺസെടുത്ത് ശ്രേയസ് അയ്യരും പുറത്തായി. കെ.എൽ.രാഹുൽ (26), സൂര്യകുമാർ യാദവ് (8) രവീന്ദ്ര ജഡേജ (35), കുൽദീപ് യാദവ് (8), ജസ്പ്രീത് ബുംറ (5) മുഹമ്മദ് സിറാജ് (1) റൺസെടുത്ത് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഒസീസിന് ഓപണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് ഉജ്ജ്വല തുടക്കമാണ് സമ്മാനിച്ചത്. 34 പന്തിൽ 56 റൺസെടുത്ത് വാർണർ പ്രസിദ്ധ് കൃഷ്ണക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ സ്റ്റീവൻ സ്മിത്തിനെ കൂട്ടുപിടിച്ച് മാർഷ് ടീം സ്കോർ 200 കടത്തി.
സെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് മിച്ചൽ മാർഷ് വീണത്. 84 പന്തിൽ 96 റൺസെടുത്ത മാർഷിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. 74 റൺസെടുത്ത് മുഹമ്മദ് സിറാജിന് വിക്കറ്റ് നൽകി സ്റ്റീവൻ സ്മിത്തും മടങ്ങി. 58 പന്തിൽ 72 റൺസെടുത്ത മാർനസ് ലബൂഷാനെ ജസ്പ്രീത് ബുംറ മടക്കി. അലക്സ് കാരി (11), ഗ്ലെൻ മാക്സ് വെൽ (5), കാമറൂൺ ഗ്രീൻ (9) റൺസെടുത്ത് മടങ്ങി. 19 റൺസെടുത്ത് നായകൻ പാറ്റ് കമ്മിൻസും ഒരു റൺസെടുത്ത് മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു. ഇന്ത്യക്ക് ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ രണ്ടുമത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മടങ്ങിയെത്തിയ മത്സരത്തിൽ ശുഭ്മാൻ ഗില്ലിന് വിശ്രമം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.