പാണ്ഡ്യയും ജദേജയും എടുത്തുയർത്തി, ഇന്ത്യക്ക് മികച്ച സ്കോർ; ഇനി ബൗളർമാരുടെ കയ്യിൽ
text_fieldsകാൻബറ: പരമ്പരയിലാദ്യമായി ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആസ്ട്രേലിയക്കെതിരെ മികച്ച സ്കോർ. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, വിരാട് കോഹ്ലി എന്നിവരുടെ അർധസെഞ്ച്വറികളുടെ കരുത്തിൽ അഞ്ചുവിക്കറ്റിന് 302 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ സ്കോർ 300 കടക്കുന്നത്. അതേസമയം ആദ്യ രണ്ട് ഏകദിനങ്ങളിലും പടുകൂറ്റൻ സ്കോർ ഉയർത്തിയ ആസ്ട്രലിയക്ക് ഈ സ്കോർ വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം.
മായങ്ക് അഗർവാളിന് പകരം ശുഭ്മാൻ ഗില്ലാണ് ശിഖർധവാനൊപ്പം ഇന്നിങ്സ് തുറക്കാനെത്തിയത്. ഇന്ത്യൻ സ്കോർ 26ൽ നിൽക്കേ 16 റൺസുമായി ധവാൻ പുറത്തായി. തുടർന്നെത്തിയ നായകൻ വിരാട് കോഹ്ലിക്കൊപ്പം ഇന്നിങ്സ് പടുത്തുയർത്തവേ ശുഭ്മാൻ ഗിൽ (33) ആഷ്ടൺ ആഗറിെൻറ പന്തിൽ വിക്കറ്റിന് പിന്നിൽ കുടുങ്ങി. ശ്രദ്ധയോടെ ബാറ്റുവീശിയ കോഹ്ലി ഏകദിനത്തിൽ തെൻറ 59ാം അർധ സെഞ്ച്വറി പൂർത്തിയാക്കി. അധികം വൈകാതെ കോഹ്ലിയുടെ അന്തകനായി ജോഷ് ഹേസൽ വുഡ് എത്തി. കോഹ്ലിയെ വിക്കറ്റിന് പിന്നിൽ അലക്സ് ക്യാരിയുടെ കയ്യിലെത്തിച്ച ഹേസൽവുഡ് പരമ്പരയിൽ മൂന്നാം തവണയാണ് കോഹ്ലിയെ മടക്കിയത്.
ശ്രേയസ് അയ്യർ (19), കെ.എൽ രാഹുൽ (5) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ 200 കടക്കില്ലെന്ന് തോന്നിച്ച ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ-രവീന്ദ്ര ജദേജ സഖ്യം ഒത്തുചേരുകയായിരുന്നു. കരുതലോടെ കളിച്ച ഇരുവരും അവസാന ഓവറുകളിൽ ആസ്ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 76 പന്തിൽ ഏഴ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 92 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന. 50 പന്തിൽ മൂന്നുസിക്സറുകളക്കം 66 റൺസാണ് ജദേജ എടുത്തത്. ആസ്ട്രേലിയക്കായി ആഗർ രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.