മൂന്നാം ട്വന്‍റി20: ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
text_fieldsഗുവാഹത്തി: മൂന്നാം ട്വന്‍റി20യിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടി ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് പരമ്പരയിലെ മൂന്നാം അങ്കത്തിന് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നത്തെ കളി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഇടംനേടി. ഇന്ത്യന്‍ ടീമില്‍ മുകേഷ് കുമാറിന് പകരം ആവേശ് ഖാന്‍ ഇടംപിടിച്ചു.
സീനിയർ കളിക്കാർക്ക് വിശ്രമം നൽകി ടീമിനെ യുവനിരയെ ഏൽപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് വിശാഖപട്ടണത്തും തിരുവനന്തപുരത്തും കണ്ടത്. ആദ്യ കളിയിൽ ഓസീസ് ഉയർത്തിയ 209 റൺസ് ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ എത്തിപ്പിടിച്ചപ്പോൾ കാര്യവട്ടത്ത് 235 റൺസെന്ന റെക്കോഡ് സ്കോർ നേടി 44 റൺസ് ജയവും കൈപ്പിടിയിലൊതുക്കി.
ബാറ്റർമാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. ഇഷാൻ കിഷൻ രണ്ട് കളിയിലും അർധശതകം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ തിളങ്ങിയ സൂര്യ രണ്ടാമത്തെതിൽ എളുപ്പത്തിൽ മടങ്ങിയെങ്കിലും ഓപണർമാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക് വാദും മിന്നി. ഫിനിഷറുടെ റോൾ ഭംഗിയായി നിർവഹിക്കുന്നുണ്ട് റിങ്കു സിങ്. ബൗളർമാരുടെ പ്രകടനവും എടുത്തുപറയണം.
പേസർ പ്രസിദ്ധ് കൃഷ്ണയും സ്പിന്നർ രവി ബിഷ്ണോയിയും ഓസീസിന് വെല്ലുവിളി സൃഷ്ടിച്ചു. ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് കിരീടം നേടിയ ആസ്ട്രേലിയ ഫൈനലിലടക്കം കളിച്ച ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, മധ്യനിര ബാറ്റർ സ്റ്റീവ് സ്മിത്ത്, സ്പിന്നർ ആഡം സ്മിത്ത് എന്നിവരെ അണിനിരത്തിയിട്ടും കാര്യവട്ടത്ത് രക്ഷയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.