ഗെയ്‌ക്‌വാദിന്‍റെ സെഞ്ച്വറി വിളയാട്ടം (57 പന്തിൽ 123*); ആസ്ട്രേലിയക്ക് 223 റൺസ് വിജയലക്ഷ്യം
text_fieldsഗുവാഹത്തി: ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ആസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിലും ഇന്ത്യക്ക് വമ്പൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
ഗെയ്‌ക്‌വാദിന്‍റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. 57 പന്തിൽ 123 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്സും 13 ഫോറുമാണ് താരം നേടിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്സാൾ ആറു റൺസും ഇഷാൻ കിഷൻ റണ്ണൊന്നും എടുക്കാതെയും മടങ്ങി. 24 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ടു വിക്കറ്റ് നഷ്ടം. മൂന്നാം വിക്കറ്റിൽ നായകൻ സൂര്യകുമാറും ഗെയ്ക്വാദും ചേർന്ന അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
29 പന്തിൽ 39 റൺസെടുത്ത് സൂര്യകുമാർ പുറത്തായി. പിന്നാലെ ഗെയ്ക്വാദ് തിലക് വർമയെ കൂട്ടുപിടിച്ച് വമ്പനടികളുമായി കളം നിറയുകയായിരുന്നു. ഇരുവരും ചേർന്ന് 46 പന്തിൽ 100 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. മാക്സ്വെല്ലിന്‍റെ അവസാന ഓവറിൽ മാത്രം 30 റൺസാണ് അടിച്ചെടുത്തത്. 24 പന്തിൽ 31 റൺസെടുത്ത് തിലക് വർമ പുറത്താകാതെ നിന്നു.
ഓസീസിനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആരോൺ ഹാർഡി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടി ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് പരമ്പരയിലെ മൂന്നാം അങ്കത്തിന് സൂര്യകുമാർ യാദവും സംഘവും ഇറങ്ങിയത്. ഇന്നത്തെ കളി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഇടംനേടി. ഇന്ത്യന്‍ ടീമില്‍ മുകേഷ് കുമാറിന് പകരം ആവേശ് ഖാന്‍ ഇടംപിടിച്ചു.
സീനിയർ കളിക്കാർക്ക് വിശ്രമം നൽകി ടീമിനെ യുവനിരയെ ഏൽപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഗുവാഹത്തിയിലും ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.