50 കടന്ന് ഓസീസ്; അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്
text_fieldsമാത്യു കുനെമനെ നേരത്തെ നഷ്ടമായെങ്കിലും ട്രാവിസ് ഹെഡും മാർനസ് ലബൂഷെയിനും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തിയതോടെ കംഗാരുക്കളെ നേരത്തെ മടക്കി കളി ജയിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾക്ക് പൂട്ട്. 91 റൺസ് ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ കംഗാരുക്കൾ 31 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റിന് 65 എന്ന നിലയിലാണ്. മാത്യു കുനെമൻ അശ്വിനു മുന്നിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയതാണ് ആതിഥേയർക്ക് ഏക ആശ്വാസം.
അവസാന ദിവസമായ ഇന്ന് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ മടക്കി ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കളി ജയിക്കാനാണ് ഇന്ത്യൻ ശ്രമം. എന്നാൽ, സ്പിന്നർമാർ തുടക്കം മുതൽ കിണഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ആഘാതമേൽപ്പിക്കാനായിട്ടില്ല. പിടിച്ചുനിന്ന് കളിക്കുന്ന ട്രാവിസ് ഹെഡ് 40 റൺസുമായും 19 എടുത്ത് വൺഡൗൺ ബാറ്റർ മാർനസ് ലബൂഷെയിനും ക്രീസിലുണ്ട്. ഇതിനിടെ ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. പരിക്കുമായി മടങ്ങിയ ശ്രേയസ് അയ്യർ ഇന്ന് ഇറങ്ങുകയില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അക്സർ പട്ടേർ ഒരിക്കലൂടെ വാലറ്റം കാത്ത ഇന്ത്യൻ നിരയിൽ 186 റൺസ് എടുത്ത് വിരാട് കോഹ്ലി മികവു കാട്ടിയിരുന്നു. ശുഭ്മാൻ ഗിൽ നേരത്തെ സെഞ്ച്വറി കുറിച്ച കളിയിൽ അക്സർ പട്ടേൽ നേടിയത് 79ഉം ശ്രീകർ ഭരത് 44ഉം എടുത്തു. ഓസീസ് നിരയിൽ ഉസ്മാൻ ഖ്വാജ, കാമറൺ ഗ്രീൻ എന്നിവരും സെഞ്ച്വറി നേടി. ബാറ്റിങ്ങിനെ തുണച്ച പിച്ചിൽ ആദ്യം ബാറ്റു ചെയ്ത് 480 റൺസ് എടുത്ത സന്ദർശകർക്കെതിരെ 571 റൺസായിരുന്നു ഇന്ത്യൻ സമ്പാദ്യം.
നാലാം ടെസ്റ്റിൽ ജയം പിടിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഇന്ത്യ ഉറപ്പാക്കാം. എന്നാൽ, എന്തു വില കൊടുത്തും ഇന്ത്യൻ പടയോട്ടം തടഞ്ഞുനിർത്തുകയെന്നതാണ് ഓസീസ് ലക്ഷ്യം. പാറ്റ് കമിൻസ് നായകത്വം വഹിച്ച ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫിക്കരികെയാണ്. കളി സമനിലയിലായാലും 2-1 എന്ന സ്കോറുമായി പരമ്പര ജേതാക്കളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.