സിഡ്നിയിൽ ഇന്ത്യ തിരിച്ചടിക്കുന്നു; ഓസീസിന്‍റെ അഞ്ചു വിക്കറ്റുകൾ വീണു; ബുംറക്കും സിറാജിനും രണ്ടു വിക്കറ്റുകൾ
text_fieldsസിഡ്‌നി: അഞ്ചാം ടെസ്റ്റിൽ ആസ്ട്രേലിയയുടെ തകർപ്പൻ ബൗളിങ്ങിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ ബൗളർമാരും. രണ്ടാംദിനം ലഞ്ചിനു പിരിയുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഓസീസിന് 101 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി.
ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചിരുന്നു. ഓസീസ് ഇന്ത്യയുടെ സ്കോറിനേക്കാൾ 84 റൺസിന് പിറകിലാണ്. സാം കോൺസ്റ്റാസ് (38 പന്തിൽ 23), മാർനസ് ലബുഷെയ്ൻ (എട്ടു പന്തിൽ രണ്ട്), സ്റ്റീവ് സ്മിത്ത് (57 പന്തിൽ 33), ട്രാവിസ് ഹെഡ് (മൂന്നു പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യം ദിനം രണ്ടു റൺസുമായി ഉസ്മാൻ ഖ്വാജ പുറത്തായിരുന്നു.
ബാക്കിയുള്ള ഓസീസ് ബാറ്റർമാരെയും വേഗത്തിൽ മടക്കി ലീഡ് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബുംറയും സംഘവും. ഒന്നിന് ഒമ്പത് റൺസ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്ക് ലബുഷെയ്ന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുംറ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ യുവതാരം കോണ്‍സ്റ്റാസിനെ സിറാജ് മടക്കി. അതേ ഓവറിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനേയും സിറാജ് വീഴ്ത്തി ഇരട്ടപ്രഹരമേൽപ്പിച്ചു.
താരത്തിന്‍റെ പന്തിൽ സ്ലിപ്പിൽ കെ.എൽ. രാഹുലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. നാലു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലേക്ക് ഓസീസ് തകർന്നു. അഞ്ചാം വിക്കറ്റിൽ സ്മിത്തും അരങ്ങേറ്റക്കാരൻ ബ്യു വെബ്സ്റ്ററും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 50 കടന്നു. ഇരുവരും 57 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. പരമ്പരയിൽ ആദ്യം മത്സരം കളിക്കുന്ന പ്രസിദ്ധ് കൃഷ്ണയാണ് സ്മിത്തിനെ മടക്കി ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. സ്ലിപ്പിൽ രാഹുലിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
നേരത്തെ, നിർണായകമായ ‘പിങ്ക്’ ടെസ്റ്റിൽ ടോസ് നേടിയ ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രോഹിതിന് പകരം ശുഭ്മൻ ഗിൽ ഇടം നേടി. ആകാശ് ദീപിന് പകരം പരമ്പരയിൽ പ്രസിദ്ധ് കൃഷ്ണയും കളിച്ചു. ആസ്ട്രേലിയക്കുവേണ്ടി മിച്ചൽ മാർഷിന് പകരം ബ്യു വെബ്സ്റ്റർ കളത്തിലിറങ്ങി. കടുത്ത പ്രതിരോധ ശൈലിയിൽ പിടിച്ചുനിൽക്കാനായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ ശ്രമം. എന്നാൽ, പ്രതിരോധക്കോട്ടകൾ ആതിഥേയ ബൗളർമാർ പൊളിച്ചു. സ്കോട്ട് ബോളണ്ട് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റർമാരുടെ കുഴിതോണ്ടി. 40 റൺസ് നേടിയ ഋഷഭ് പന്താണ് ടോപ്സ്കോറർ. രവീന്ദ്ര ജദേജ 26ഉം ഗിൽ 20ഉം റൺസെടുത്തു.
എക്സ്ട്രാസായി 26 റൺസ് കിട്ടി. വിരാട് കോഹ്‍ലി വീണ്ടും തോൽവിയായി. 17 റൺസിൽ മടങ്ങി. നേരിട്ട ആദ്യ പന്തിൽ ബോളണ്ടിന് മുന്നിൽ പുറത്താകേണ്ടതായിരുന്നു മുൻ നായകൻ. സ്റ്റീവ് സ്മിത്തിന് പന്ത് കൈയിലൊതുക്കാനായില്ല. അൽപം ആയുസ്സ് നീട്ടിക്കിട്ടി എന്നു മാത്രം. ബോളണ്ടിന്റെ പന്തിൽ വെബ്സ്റ്റർ ക്യാച്ചെടുത്ത് കോഹ്‍ലി മടങ്ങി. ക്രീസിലെത്തിയതും തിരിച്ചുപോയതും ഇന്ത്യൻ ആരാധകരുടെ കൂക്കിവിളിയുടെ അകമ്പടിയിലാണ്.
ഇന്ത്യയുടെ തുടക്കം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യദിനം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒഴുകിയെത്തിയ 47000ത്തോളം കാണികൾക്ക് മുന്നിൽ ഓപണർമാർ വൻപരാജയമായി. കെ.എൽ. രാഹുൽ നാലും യശസ്വി ജയ്സ്വാൾ പത്തും റൺസ് നേടി.
അഞ്ചാം ഓവറിലെ അവസാന പന്തിൽ രാഹുലിനെ സ്റ്റാർക്ക് പുറത്താക്കി. ജയ്സ്വാളിനെ ബോളണ്ടും മടക്കി. പൊരുതി നിന്ന ഋഷഭ് പന്തിന് പലവട്ടമാണ് പന്ത് ദേഹത്തുകൊണ്ടത്. ഇതിൽ രണ്ടെണ്ണം അടിവയർ ഭാഗത്തായിരുന്നു. ബോളണ്ടിന്റെ പന്തിൽ കമ്മിൻസാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററെ പുറത്താക്കിയത്. നിതീഷ് കുമാർ റെഡ്ഡി (0), വാഷിങ്ടൺ സുന്ദർ (14), പ്രസിദ്ധ് കൃഷ്ണ (3) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. മുഹമ്മദ് സിറാജ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. ആസ്ട്രേലിയക്ക്. രണ്ട് റൺസ് നേടിയ ഉസ്മാൻ ഖവാജയെയാണ് നഷ്ടമായത്. സ്ലിപ്പിൽ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിക്കുകയായിരുന്നു താരം. സാം കോൺസ്റ്റാസ് ഏഴ് റൺസുമായി പുറത്താകാതെ നിൽക്കുന്നു. അവസാന പന്തിലാണ് ഖവാജയെ ബുംറ ഔട്ടാക്കിയത്.
ആദ്യ ദിനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയും ആസ്ട്രേലിയൻ യുവതാരം സാം കോൺസ്റ്റാസും കൊമ്പുകോർത്തു. അമ്പയർ ഇടപെട്ടു. ഒരു പന്തിനു ശേഷം ഖവാജയെ സ്ലിപ്പിൽ രാഹുലിന്‍റെ കൈയിലെത്തിച്ചാണ് ബുംറ കോൺസ്റ്റാസിന് മറുപടി നൽകിയത്. വിക്കറ്റ് നേടിയതിനു പിന്നാലെ ബുംറ കോൺസ്റ്റാസിന് നേരെ തിരിഞ്ഞു. ഒപ്പം കോഹ്‍ലിയടക്കമുള്ളവരും. ഇന്ത്യക്ക് ഒരു പകലിന്റെ അവസാനം സന്തോഷിക്കാൻ ഈ നിമിഷം മാത്രമേയുണ്ടായിരുന്നുള്ളൂ. പരമ്പരയിൽ 2-1ന് ഓസീസ് മുന്നിലാണ്. അവസാന ടെസ്റ്റിൽ ജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് വിദൂര സാധ്യത ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.