ഇന്ത്യ 157 റൺസിന് പുറത്ത്; ഓസീസിന് ജയിക്കാൻ 162 റൺസ്; ലഞ്ചിന് പിരിയുമ്പോൾ മൂന്നിന് 71; പന്തെറിയാതെ ബുംറ
text_fieldsസിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിലും ഇന്ത്യ തോൽവിയിലേക്ക്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചു. 162 വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ലഞ്ചിനു പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 71 റൺസെടുത്തിട്ടുണ്ട്.
സിഡ്നി ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പിക്കാനും ഓസീസിന് 91 റൺസിന്‍റെ മാത്രം ദൂരം. ഓപ്പണർ ഉസ്മാൻ ഖ്വാജ (25 പന്തിൽ 19), ട്രാവിസ് ഹെഡ് (എട്ടു പന്തിൽ അഞ്ച്) എന്നിവരാണ് ക്രീസിൽ. പേസ് കുന്തമുന ജസ്പ്രീത് ബുംറ ബൗളിങ്ങിൽനിന്ന് വിട്ടുനിൽക്കുകയാണ്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് സ്പെൽ ഓപ്പൺ ചെയ്തത്. ഓസീസിന്‍റെ മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് കൃഷ്ണയാണ്.
ഏഴു വിക്കറ്റ് കൈയിലിരിക്കെ, ബുംറയുടെ അഭാവത്തിൽ ഓസീസിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് ആകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. യുവ ഓപ്പണർ സാം കോൺസ്റ്റാസ് (17 പന്തിൽ മൂന്നു ഫോറുകളോടെ 22), മാർനസ് ലബുഷെയ്ൻ (20 പന്തിൽ ആറ്), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ നാല്) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 16 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. രവീന്ദ്ര ജദേജ 45 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്തും വാഷിങ്ടൺ സുന്ദർ 43 പന്തിൽ 12 റൺസെടുത്തും പുറത്തായി. മുഹമ്മദ് സിറാജ് (11 പന്തിൽ നാല്), പരിക്കിനിടയിലും ബാറ്റിങ്ങിനെത്തിയ ജസ്പ്രീത് ബുംറ (മൂന്നു പന്തിൽ പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പ്രസിദ്ധ് കൃഷ്ണ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഓസീസിനായി സ്കോട് ബോളണ്ട് ആറു വിക്കറ്റ് വീഴ്ത്തി. 16.5 ഓവറിൽ അഞ്ച് മെയ്ഡനടക്കം 45 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റെടുത്തത്. നായകൻ പാറ്റ് കമ്മിൻസ് 15 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നേരത്തെ, 185 റൺസിന് ഒന്നാമിന്നിങ്സിൽ പുറത്തായ ഇന്ത്യ ആതിഥേയരായ ആസ്ട്രേലിയയെ 181 റൺസിലൊതുക്കി. നാല് റൺസിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയപ്പോൾ മുൻനിരക്ക് പതിവുപോലെ മുട്ടിടിച്ചു. ട്വന്റി20 ശൈലിയിൽ ആഞ്ഞടിച്ച റിഷഭ് പന്തിന്റെ (33 പന്തിൽ 61) ഒറ്റയാൾ പ്രകടനത്തിനൊടുവിൽ രണ്ടാമിന്നിങ്സിൽ ആറിന് 141 എന്ന നിലയിലാണ് സന്ദർശകർ. ബൗളർമാരുടെ പറുദീസയായ പിച്ചിൽ ഇന്ത്യയുടെ ആകെ ലീഡ് 145 റൺസായി. 200 റൺസിനപ്പുറം ലീഡ് കടന്നാൽ വിജയപ്രതീക്ഷയുണ്ടെങ്കിലും താൽക്കാലിക ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ പരിക്ക് ആശങ്കയേകുന്നതാണ്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു ശേഷം ബംറയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. പേശീവേദനയാണ് ബുംറയെ വലക്കുന്നത്. ബുംറ ഗ്രൗണ്ട് വിട്ടതിനു ശേഷം വിരാട് കോഹ്‍ലിക്കായിരുന്നു നായക ചുമതല.
ഒന്നിന് ഒമ്പത് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ആസ്ട്രേലിയക്ക് ലഞ്ചിന് പിരിയുമ്പോഴേക്കും 101 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ നാലിന് 39 എന്ന നിലയിൽ ഓസീസ് തകർന്നിരുന്നു. മാർനസ് ലബുഷെയ്നെ (രണ്ട്) ബുംറ പുറത്താക്കി. ഒരോവറിൽ സാം കോൺസ്റ്റാസിനെയും (23) ട്രാവിസ് ഹെഡിനെയും (നാല്) മടക്കി മുഹമ്മദ് സിറാജ് തിളങ്ങി. സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് (33) മീഡിയം പേസർ പ്രസിദ്ധ് കൃഷ്ണക്കായിരുന്നു.
ലഞ്ചിനു ശേഷം ബ്യൂ വെബ്സ്റ്റർ അർധ സെഞ്ച്വറിയോടെ അരങ്ങേറ്റം ഗംഭീരമാക്കി. 57 റൺസ് നേടിയ വെബ്സ്റ്ററുടെ വിക്കറ്റും പ്രസിദ്ധ് കൃഷ്ണക്കായിരുന്നു. ഈ കർണാടകക്കാരൻ നാല് വിക്കറ്റ് വീഴ്ത്തി പരമ്പരയിലെ ആദ്യ മത്സരത്തിൽ പ്രതീക്ഷ കാത്തു. സിറാജ് മൂന്നും ബുംറയും നിതീഷ് റെഡ്ഡിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാമിന്നിങ്സിൽ 42 റൺസിലെത്തിയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. കെ.എൽ. രാഹുലിന്റെ (13) കുറ്റി ബോളണ്ട് തെറിപ്പിച്ചു. യശസ്വി ജയ്സ്വാളിന്റെയും (22) വിരാട് കോഹ്‍ലിയുടെയും (ആറ്) വിക്കറ്റും ബോളണ്ടിനായിരുന്നു. തീർത്തും പരാജയമായ കോഹ്‍ലി ഈ പരമ്പരയിൽ ഓഫ്സൈഡിൽ ക്യാച്ച് നൽകി പുറത്താകുന്നത് എട്ടാം തവണയാണ്. അഞ്ചാം തവണയാണ് ബോളണ്ടിന്റെ പന്തിൽ പരമ്പരയിൽ ഇതേപോലെ മുൻ നായകൻ ഔട്ടാകുന്നത്. പിന്നീടായിരുന്നു ശുഭ്മൻ ഗില്ലിനൊപ്പം റിഷഭ് പന്തിന്റെ വെടിക്കെട്ട്.
നാല് സിക്സും ആറ് ഫോറും ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പറത്തി. 29 പന്തിലാണ് പന്ത് അമ്പതിലെത്തിയത്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ പടുകൂറ്റൻ സിക്സർ പായിച്ചായിരുന്നു അർധ ശതകം. ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയാണ് സിഡ്നി ഗ്രൗണ്ടിൽ പന്ത് കുറിച്ചത്. ഒന്നാമത്തെ ഫിഫ്റ്റിയും പന്തിന്‍റെ പേരിൽതന്നെയാണ്. 2022ൽ ശ്രീലങ്കക്കെതിരെ പന്ത് 22 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. അതേസമയം, ആസ്ട്രേലിയൻ മണ്ണിൽ വിദേശതാരം നേടുന്ന അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടം പന്ത് സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് താരങ്ങളായ ജോൺ ബ്രൗണും (1985) റോയ് ഫ്രെഡെറിക്സും (1975) 33 പന്തിൽ നേടിയ അർധ സെഞ്ച്വറി റെക്കോഡാണ് മറികടന്നത്. പന്ത് രണ്ടാം ഇന്നിങ്സ് തുടങ്ങിയത് സ്കോട്ട് ബോളണ്ടിനെ സിക്സ് പറത്തിയാണ്. രവീന്ദ്ര ജദേജയും (എട്ട്) വാഷിങ്ടൺ സുന്ദറുമാണ് (ആറ്) ക്രീസിൽ. ഒന്നാമിന്നിങ്സിൽ നാല് വിക്കറ്റ് നേടിയ ബോളണ്ട് രണ്ടാമിന്നിങ്സിലും നാലുപേരെ പുറത്താക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.