ഓസീസിനെതിരെ ആദ്യ ട്വൻറി20 തോൽവി; ബൗളർമാരെ ''കാണാതാ''യെന്ന് ക്യാപ്റ്റൻ
text_fieldsന്യൂഡൽഹി: ആദ്യം ബാറ്റുചെയ്ത് 200 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തിട്ടും നാലു പന്ത് ശേഷിക്കെ ഓസീസ് കളി ചുരുട്ടിക്കൂട്ടിയ ആദ്യ ട്വൻറി20യെ കുറിച്ച് ന്യായീകരിക്കാനില്ലാതെ ഇന്ത്യൻ നായകൻ രോഹിത് ശർമ. ബൗളർമാർ ചിത്രത്തിലില്ലാതായതാണ് പരാജയം വിളിച്ചുവരുത്തിയതെന്ന് അദ്ദേഹം പറയുന്നു. ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ ഭുവനേശ്വർ കുമാർ നാലോവറിൽ വഴങ്ങിയത് 52 റൺസ്. ഹർഷൽ പട്ടേൽ 49 റൺസ്. യുസ്വേന്ദ്ര ചഹൽ 3.2 ഓവറിൽ 42ഉം വിട്ടുനൽകി. മനോഹരമായി കളിച്ച അക്സർ പട്ടേൽ 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും ഓസീസിന് മുന്നിൽ അത് വെല്ലുവിളിയായതേയില്ല.
''ഞങ്ങൾ നന്നായി ബൗൾ ചെയ്തുവെന്ന് കരുതാനാകില്ല. 200 എന്നത് മികച്ച സ്കോർ ആണ്. ഫീൽഡിൽ അവസരങ്ങൾ മുതലാക്കാനായില്ല. നമ്മുടെ ബാറ്റർമാരുടേത് ഗംഭീര പ്രകടനമായിരുന്നു. എന്നാൽ, ബൗളർമാർ എവിടെയുമുണ്ടായില്ല. നമുക്ക് സൂക്ഷ്മമായി പരിഗണിക്കേണ്ട വിഷയങ്ങളുണ്ട്''- രോഹിത് പറഞ്ഞു.
നന്നായി സ്കോർ ചെയ്യാവുന്ന മൈതാനമാണ് മൊഹാലിയിലേതെന്നും 200 കടന്നാലും മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണമായ ചില ഷോട്ടുകൾ അവർ കളിച്ചു. അവസാന നാലോവറിൽ 60 റൺസ് വഴങ്ങുക മാത്രമല്ല, അവരുടെ വിക്കറ്റ് വീഴ്ത്താനുമായില്ല- രോഹിത് പരിഭവം പങ്കുവെച്ചു.
ഏഷ്യകപ്പിൽ പാകിസ്താനും ശ്രീലങ്കക്കുമെതിരെ കളി തോറ്റതിന് സമാനമായിരുന്നു മൊഹാലി മൈതാനത്ത് ഓസീസിന് മുന്നിലെ മുട്ടുമടക്കൽ. ആ കളികളിൽ ഇന്ത്യൻ സ്കോർ 200 കടന്നില്ലെങ്കിലും എതിരാളികളെ വിറപ്പിച്ച ശേഷം അവസാന ഓവറുകളിൽ ബൗളിങ് പരാജയമായതാണ് തോൽവി വിളിച്ചുവരുത്തിയിരുന്നത്. ഇനിയുള്ള രണ്ടു കളികൾ വരാനിരിക്കെ ബൗളിങ് ഏറെ മെച്ചപ്പെടുത്തിയേ പറ്റൂ. പേസ് ആക്രമണത്തിലെ വെറ്ററൻ പ്രതീക്ഷയായ മുഹമ്മദ് ഷമി കളിക്ക് മുന്നേ കോവിഡ് ബാധിതനായി പുറത്തായിരുന്നു.
ഓസീസിനെതിരെ ട്വൻറി20യിൽ ഇന്ത്യയുടെ മികച്ച ഇന്നിങ്സായിരുന്നു കഴിഞ്ഞ ദിവസത്തേത്. അതിനാൽ തന്നെ, ബൗളിങ് നിലവാരം പുലർത്തിയിരുന്നെങ്കിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു. അവിടെയാണ് ഒരു വെല്ലുവിളിയും ഉയർത്താനാകാതെ ബൗളർമാർ കളി തളികയിലെന്ന പോലെ വെച്ചുനൽകിയത്. ആദ്യ 10 ഓവറിൽ കാമറോൺ ഗ്രീൻ (30 പന്തിൽ 61 റൺസ്) ഓസീസ് പ്രത്യാക്രമണത്തിന് അടിത്തറയിട്ടപ്പോൾ മധ്യഓവറുകളിൽ അക്സർ പട്ടേലും ഉമേഷ് യാദവും മോശമല്ലാതെ പന്തെറിഞ്ഞ് കളി വരുതിയിൽ നിർത്തി. എന്നാൽ, അവസാന ഓവറുകളിൽ മാത്യു വെയ്ഡും സംഘവും നിർദയം അടിച്ചുപറത്തി ജയത്തിലേക്ക് കുതിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് രണ്ടാം ട്വന്റി20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.