കമോൺ നയൻറ്റീൻ ഇന്ത്യ; അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് ഒമ്പതാം ഫൈനൽ
text_fieldsബെനോനി (ദക്ഷിണാഫ്രിക്ക): വില്ലോമൂർ പാർക്കിൽ ഇന്ന് ലോക ക്രിക്കറ്റിലെ കൗമാര രാജാക്കന്മാരുടെ കിരീടാഭിഷേകം. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയും ഏറ്റുമുട്ടും. ഇക്കഴിഞ്ഞ നവംബറിൽ നടന്ന സീനിയർ ലോകകപ്പിലും ഇരു രാജ്യങ്ങളും തമ്മിലായിരുന്നു കലാശപ്പോരാട്ടം. അന്ന് ആതിഥേയർ കൂടിയായിരുന്ന ഇന്ത്യയെ തോൽപിച്ച് ഓസീസ് കിരീടം ചൂടി. പകരമായി ആസ്ട്രേലിയയെത്തന്നെ വീഴ്ത്തി ജൂനിയർ കിരീടമെങ്കിലും സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ് അണ്ടർ 19 ടീം ഒമ്പതാം ഫൈനലിനിറങ്ങുന്നത്.
ചാമ്പ്യൻ കുതിപ്പ്
മുമ്പ് എട്ട് തവണ കിരീടപ്പോരിൽ മാറ്റുരച്ച ഇന്ത്യ അഞ്ച് തവണ ജയം കണ്ടു. അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം ജേതാക്കളായ ടീമെന്ന ഖ്യാതിയുമുണ്ട്. ഇക്കുറി അപരാജിത കുതിപ്പിലാണ് നീലപ്പട ഫൈനലിലെത്തിയിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ ഫോമിലാണെന്നതാണ് ഉദയ് സഹാറന്റെയും സംഘത്തിന്റെയും പ്ലസ് പോയന്റ്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ആധികാരികമായിരുന്നു ജയം. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സെമി ഫൈനലിൽ മാത്രം ചെറുതായി പതറിയെങ്കിലും കളി കൈവിട്ടില്ല.
ബാറ്റിങ്ങിൽ സചിൻ ദാസ്, ക്യാപ്റ്റൻ ഉദയ് സഹാറൻ, ബൗളിങ്ങിൽ സ്പിന്നർ സൗമികുമാർ പാണ്ഡെ, പേസർ നമാൻ തിവാരി എന്നിവർ വിശ്വാസം കാക്കുന്നുണ്ട്. സ്പിൻ ബൗളറായ ഓൾ റൗണ്ടർ മുഷീർ ഖാൻ രണ്ട് ശതകങ്ങളും ഒരു അർധ സെഞ്ച്വറിയും നേടിയും വിക്കറ്റുകൾ വീഴ്ത്തിയും മിന്നുകയാണ്.
ആസ്ട്രേലിയ ഫൈനലിൽ തോറ്റത് ഇന്ത്യയോടുമാത്രം
നാലാം കിരീടമാണ് ആസ്ട്രേലിയയുടെ ലക്ഷ്യം. ആറു തവണ ഫൈനലിലെത്തിയ ഇവർ രണ്ട് പ്രാവശ്യവും തോറ്റത് ഇന്ത്യയോടാണ്. ഹ്യൂ വെയ്ബ്ജെൻ നയിക്കുന്ന ഓസീസ് സംഘത്തിലും ഒന്നാന്തരം താരങ്ങളുണ്ട്. പേസർ ടോം സ്ട്രാക്കർ പാകിസ്താനെതിരായ സെമിയിൽ എറിഞ്ഞിട്ടത് ആറുപേരെയാണ്. ക്യാപ്റ്റൻ വെയ്ബ്ജെൻ, ഓപണർ ഹാരി ഡിക്സൻ തുടങ്ങിയവർ ബാറ്റിങ്ങിൽ മികച്ച സംഭാവനകൾ അർപ്പിക്കുന്നുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഉദയ് സഹാറൻ (ക്യാപ്റ്റൻ), അർഷിൻ കുൽക്കർണി, ആദർശ് സിങ്, രുദ്ര മയൂർ പട്ടേൽ, സചിൻ ദാസ്, പ്രിയാൻഷു മോലിയ, മുഷീർ ഖാൻ, ആരവേലി അവനീഷ് റാവു (ഡബ്ല്യുകെ), സൗമികുമാർ പാണ്ഡെ, മുരുകൻ അഭിഷേക്, ഇന്നേഷ് മഹാജൻ, ധനുഷ് ഗൗഡ, ആരാധ്യ ശുക്ല, രാജ് ലിംബാനി, നമാൻ തിവാരി.
ആസ്ട്രേലിയ: ഹ്യൂ വെയ്ബ്ജെൻ (ക്യാപ്റ്റൻ), ലാച്ലാൻ ഐറ്റ്കെൻ, ചാർളി ആൻഡേഴ്സൺ, ഹർകിരത് ബജ്വ, മഹ്ലി ബേർഡ്മാൻ, ടോം കാംബെൽ, ഹാരി ഡിക്സൺ, റയാൻ ഹിക്സ്, സാം കോൺസ്റ്റാസ്, റാഫേൽ മക്മില്ലൻ, എയ്ഡൻ ഒ'കോണർ, ഹർജാസ് സിങ്, ടോം സ്ട്രാക്കർ, കല്ലം വിഡ്ലർ, ഒല്ലി പീക്ക്.
ഇന്ത്യയുടെ 8 ഫൈനലുകൾ
2000: കിരീടം (ആസ്ട്രേലിക്കെതിരെ ആറ് വിക്കറ്റ് ജയം)
2006: റണ്ണറപ്പ് (പാകിസ്താനോട് 38 റൺസിന് തോറ്റു)
2008: കിരീടം (ദക്ഷിണാഫ്രിക്കക്കെതിരെ 12 റൺസ് ജയം)
2012: കിരീടം (ആസ്ട്രേലിക്കെതിരെ ആറ് വിക്കറ്റ് ജയം)
2016: റണ്ണറപ്പ് (വെസ്റ്റിൻഡിസിനോട് അഞ്ച് വിക്കറ്റ് തോൽവി)
2018: കിരീടം (ആസ്ട്രേലിയക്കെതിരെ എട്ട് വിക്കറ്റ് ജയം)
2020: റണ്ണറപ്പ് (ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റ് തോൽവി)
2022: കിരീടം (ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് ജയം)
ഫൈനലിലേക്ക്
ഇന്ത്യ
ഗ്രൂപ് എ
ബംഗ്ലാദേശിനെതിരെ 84 റൺസ് ജയം
അയർലൻഡിനെ 201 റൺസിന് തോൽപിച്ചു
യു.എസിനെ 201 റൺസിന് പരാജയപ്പെടുത്തി
സൂപ്പർ സിക്സ്
ന്യൂസിലൻഡിനെതിരെ 214 റൺസ് ജയം
നേപ്പാളിനെ 132 റൺസിന് തോൽപിച്ചു
സെമി ഫൈനൽ
ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി
ആസ്ട്രേലിയ
ഗ്രൂപ് ബി
നമീബിയക്കെതിരെ നാല് വിക്കറ്റ് ജയം
സിംബാബ് വെയെ 225 റൺസിന് തോൽപിച്ചു
ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി
സൂപ്പർ സിക്സ്
ഇംഗ്ലണ്ടിനെതിരെ 110 റൺസ് ജയം
വെസ്റ്റിൻഡിസിനെതിരായ കളി ഉപേക്ഷിച്ചു
സെമി ഫൈനൽ
പാകിസ്താനെ ഒരു വിക്കറ്റിന് വീഴ്ത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.