സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ
text_fieldsഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ): അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിയ ആസ്ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ മൂന്നാം മത്സരത്തിൽ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് റൺറേറ്റിലും ബഹുദൂരം മുന്നിലുള്ള രോഹിത് ശർമയും സംഘവും സെമി ഫൈനൽ ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, അഫ്ഗാനോട് തോറ്റതോടെ ഓസീസിന്റെ കാര്യം പരുങ്ങലിലാണ്. ഇതോടെ മിച്ചൽ മാർഷിനും സംഘത്തിനും ഇന്നത്തെ കളി ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്. ഇന്ത്യക്ക് നാലും ഓസീസിനും അഫ്ഗാനും രണ്ട് വീതവും പോയന്റാണുള്ളത്.
അവസരം കാത്ത് സഞ്ജുവും കൂട്ടരും
ഏകദിന ലോകകിരീടത്തിന് തൊട്ടരികെ കലാശക്കളിയിൽ ആസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യ. അതിന്റെ ക്ഷീണം ട്വന്റി20 ലോകകപ്പിൽ തീർക്കാനാണ് മെൻ ഇൻ ബ്ലൂ എത്തിയിരിക്കുന്നത്. സൂപ്പർ എട്ടിൽ അഫ്ഗാനോടും ബംഗ്ലാദേശിനോടും ആധികാരിക ജയങ്ങളാണ് ഇന്ത്യ നേടിയത്. ഗ്രൂപ് റൗണ്ടിനുശേഷം വിജയ ഇലവനിൽ ചെറിയ പരീക്ഷണം നടത്തിയിരുന്നു ടീം മാനേജ്മെന്റ്. പേസർ മുഹമ്മദ് സിറാജിന് പകരം സ്പിന്നർ കുൽദീപ് യാദവെത്തി. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് കുൽദീപ് നടത്തിയത്. സെമിയിലേക്കുള്ള വഴി തുറന്ന സ്ഥിതിക്ക് ബെഞ്ചിലിരിക്കുന്ന വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് അവസരം നൽകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സെമി സാധ്യതകൾ
മറുഭാഗത്ത് ഓസീസിനെ സംബന്ധിച്ച് എന്തുവിലകൊടുത്തും ഇന്ന് ജയിച്ചേ തീരൂ. അഫ്ഗാനെതിരെ ഗ്ലെൻ മാക്‌സ്‌വെൽ ഒഴികെയുള്ള ബാറ്റർമാർ പരാജയമായതാണ് തോൽവി സമ്മാനിച്ചത്. ഇന്ത്യയോട് ജയിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുന്ന സ്ഥിതിയിലാവും. നാളെ ബംഗ്ലാദേശിനെ തോൽപിക്കാനായാൽ അഫ്ഗാന് കടക്കാം. ഓസീസിനും അഫ്ഗാനും ബംഗ്ലാദേശിനും ഒരേ പോയന്റ് ആയാൽ റൺറേറ്റ് കാര്യങ്ങൾ തീരുമാനിക്കും. നിലവിൽ മെച്ചപ്പെട്ട റൺറേറ്റ് ആസ്ട്രേലിയക്കാണ്.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാൾ, യുസ്‌വേന്ദ്ര ചാഹൽ.
ആസ്‌ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്‌ഡ്, പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, ആദം സാമ്പ, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, നഥാൻ എല്ലിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.