ഇന്ത്യ 260ന് പുറത്ത്; മത്സരം തടസ്സപ്പെടുത്തി വീണ്ടും മഴ; മൂന്നാം ടെസ്റ്റ് സമനിലയിലേക്ക്
text_fieldsസിഡ്നി: രസംകൊല്ലിയായി വീണ്ടും മഴയെത്തിയതോടെ ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റിന്‍റെ അഞ്ചാംദിനവും മത്സരം തടസ്സപ്പെട്ടു. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 260 റൺസിൽ അവസാനിച്ചിരുന്നു.
ഒമ്പത് വിക്കറ്റിന് 252 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് എട്ടു റൺസ് കൂട്ടി ചേർക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. 44 പന്തിൽ 31 റൺസെടുത്ത ആകാശ് ദീപിനെ ട്രാവിസ് ഹെഡ്ഡിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 38 പന്തിൽ 10 റൺസുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു. ഓസീസിനായി നായകൻ പാറ്റ് കമ്മിൻസ് നാലു വിക്കറ്റും സ്റ്റാർക്ക് മൂന്നു വിക്കറ്റും വീഴ്ത്തി. ഇതിനിടെ മഴയെത്തിയതോടെ കളി തടസ്സപ്പെട്ടു.
ആതിഥേയർക്ക് ഇതുവരെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങാനായിട്ടില്ല. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 185 റൺസിന്‍റെ ലീഡ് വഴങ്ങി. അവസാന ദിനത്തിന്‍റെ ആദ്യ സെഷൻ മഴയെടുത്തതോടെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്. അവസാന വിക്കറ്റിൽ ബുംറയും ആകാശ്ദീപും നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഫോളോ ഓൺ ഒഴിവാക്കുന്നതിന് സഹായിച്ചത്.
പത്താം വിക്കറ്റിൽ 47 റൺസിന്‍റെ കൂട്ടുക്കെട്ടുമായാണ് പിരിഞ്ഞത്. ജയത്തിലേക്ക് ദൂരമേറെയില്ലെന്ന കണക്കുകൂട്ടലുമായി നാലാം ദിനം പന്തെടുത്ത ആസ്ട്രേലിയയെ ഇന്ത്യയെക്കാൾ കൂടുതൽ തോൽപിച്ചത് മഴയാണ്. ഇടക്കിടെ എത്തിയ മഴ എളുപ്പം വിക്കറ്റുവീഴ്ത്തി സന്ദർശകരെ ഫോളോഓൺ ചെയ്യിക്കാനുള്ള സാധ്യതകൾ കുറച്ചു. പ്രധാന പേസറായ ജോഷ് ഹെയ്സൽവുഡിന് പരിക്കേറ്റതും തിരിച്ചടിയായി. ആകാശ്ദീപും ബുംറയും ചേർന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടും കൂടിയായതോടെ ഇന്ത്യക്ക് ആശ്വാസത്തിന്റെ ദിനവുമായി.
നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസുമായാണ് ഇന്ത്യ നാലാം ദിനം കളി തുടങ്ങിയത്. 33 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ.എൽ. രാഹുലിനെ ആദ്യ പന്തിൽ ക്യാച്ച് വിട്ട് സ്റ്റീവ് സ്മിത്ത് ജീവൻ നീട്ടിനൽകിയത് താരം ആവേശപൂർവം ഏറ്റെടുത്തു. നായകൻ രോഹിത് ശർമ (10) പക്ഷേ, നിരാശപ്പെടുത്തി. പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീടെത്തിയ ജഡേജയും രാഹുലും ക്രീസിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമത്തിലായിരുന്നു. സ്ട്രൈക് കൈമാറിയും മോശം ബോളുകൾ ബൗണ്ടറി കടത്തിയും ഇരുവരും ഇന്ത്യക്ക് ഇടക്കാല ആശ്വാസം നൽകി. ആറാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. ഒടുവിൽ 84 റൺസിൽനിൽക്കെ രാഹുൽ സ്മിത്തിന്റെ സൂപ്പർ ക്യാച്ചിൽ പുറത്താകുകയായിരുന്നു.
നഥാൻ ലിയോണിന്‍റെ പന്ത് തേർഡ് മാനിലേക്ക് ലേറ്റ് കട്ടിനുള്ള ശ്രമത്തിലായിരുന്നു രാഹുലിന് മടക്ക ടിക്കറ്റ്. പിന്നീടെത്തിയ നിതീഷ് കുമാർ റെഡ്ഡിയെ കൂട്ടിനുപിടിച്ച് ജഡേജ സ്കോർബോർഡ് ചലിപ്പിച്ചു. 61 പന്തിൽ 16 റൺസാണ് റെഡ്ഡി നേടിയതെങ്കിലും ജഡേജയുമായി ചേർന്നുള്ള ചെറുത്തുനിൽപ് അപാരമായിരുന്നു. 53 റൺസ് ഇരുവരും ചേർന്ന് നേടി. റെഡ്ഡിക്ക് ശേഷമെത്തിയ മുഹമ്മദ് സിറാജും (1) 12 റൺസിന് ശേഷം രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ ഫോളോ ഓൺ ചെയ്യുമെന്ന ആധി വീണ്ടും ശക്തമായി. ഏഴ് ഫോറും ഒരു സിക്സറുമടക്കം 73 റൺസ് നേടിയ ജഡേജ മികച്ച ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഫോളോ ഓൺ ഒഴിവാക്കാൻ 33 റൺസ് വേണ്ടിയിരിക്കെ അവസാന വിക്കറ്റിൽ ഒന്നിച്ച ആകാശ് രണ്ട് ഫോറും ഒരു സിക്സറുമടിച്ചാണ് 27 റൺസ് നേടിയതെങ്കിൽ ഒരു കൂറ്റൻ സിക്സ് അടക്കമായിരുന്നു ബുംറയുടെ 10 റൺസ്.
ആസ്ട്രേലിയക്കായി കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് സ്വന്തമാക്കി. നഥാൻ ലിയോൺ ജോഷ് ഹെയ്സൽ വുഡ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. അഡ് ലെയ്ഡിൽ കഴിഞ്ഞ ആഴ്ച 10 വിക്കറ്റ് ജയവുമായി പരമ്പര ഒപ്പമെത്തിച്ച ആസ്ട്രേലിയക്ക് ഇനി രണ്ടു കളികൾ കൂടി ജയിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പാക്കാം. ജൂണിൽ ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് ഫൈനൽ. ഇന്ത്യക്ക് പക്ഷേ, കണക്കിലെ കളികൾ ജയിക്കാനാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.