ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 149ന് പുറത്ത്; ലീഡ് 308 റൺസാക്കി ഇന്ത്യ, ബുംറക്ക് നാല് വിക്കറ്റ്
text_fieldsചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയുടെ ആകെ ലീഡ് 308 റൺസായി. ശുഭ്മൻ ഗിൽ (33*), റിഷഭ് പന്ത് (12*) എന്നിവരാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (10), ക്യാപ്റ്റൻ രോഹിത് ശർമ (അഞ്ച്), വിരാട് കോഹ്‌ലി (17) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 376 പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിങ്സ് 149ൽ അവസാനിച്ചു. നാലു വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 32 റൺസ് നേടിയ ഷാക്കിബുൽ ഹസനാണ് സന്ദർശകരുടെ ടോപ് സ്കോറർ. നജ്മുൽ ഹൊസൈൻ ഷാന്‍റോ (20), ലിട്ടൺ ദാസ് (22), മെഹ്ദി ഹസൻ (27), ടസ്കിൻ അഹ്മദ് (11), നഹീദ് റാണ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
ഇന്നിങ്സിന്‍റെ ഒരു ഘട്ടത്തിലും ആധിപത്യം പുലർത്താനാവാതെ, ഇന്ത്യൻ ബൗഴർമാർക്കു മുന്നിൽ അടിപതറുന്ന ബംഗ്ലാ നിരയെയാണ് ചെപ്പോക്കിൽ കണ്ടത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജദേജ എന്നിവർ രണ്ട് വീതം വിക്കറ്റ് പിഴുതു. നാല് വിക്കറ്റ് നേടിയ ബുംറ രാജ്യാന്തര കരിയറിൽ 400 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ പേസ് ബോളറെന്ന റെക്കോഡും സ്വന്തമാക്കി. ഹസൻ മഹ്മൂദിനെ പുറത്താക്കിയാണ് ബുംറ നാഴിക്കല്ലു താണ്ടിയത്.
രണ്ടാം ദിനം ആറിന് 339 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അർധ സെഞ്ചറി നേടിയ ജദേജയുടെയും സെഞ്ചറി നേടിയ ആർ. അശ്വിന്‍റെയും വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായി. ജഡേജ 86 റൺസും അശ്വിൻ 113 റൺസുമാണ് നേടിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 199 റൺസിന്‍റെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായി. ആകാശ് ദീപ് 17 റൺസ് നേടി. ഏഴ് റൺസ് നേടിയ ബുംറ കൂടി വീണതോടെ ഒന്നാം ഇന്നിങ്സ് 376ൽ അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.