ബംഗ്ലാദേശിനെതിരെ ടെസ്റ്റിനൊരുങ്ങി ഇന്ത്യ; പരമ്പരക്ക് നാളെ തുടക്കം
text_fieldsഒരു മാസത്തെ ഇടവേളക്കു ശേഷം വീണ്ടും പാഡുകെട്ടാനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റിനും പരിശീലകൻ ഗൗതം ഗംഭീറിനും ഇനി കളിക്കാലം. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ആദ്യത്തേത് നാളെ ചെപ്പോക്കിൽ തുടക്കമാകും. ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ച ശേഷമുള്ള പിച്ച് ഏറെ മാറ്റത്തോടെയാണ് ചെപ്പോക്കിൽ കളിയുണരുന്നത്. ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞ ഗംഭീറിന് പുതിയ റോളിൽ ആദ്യ മത്സരമാണെന്ന സവിശേഷത കൂടിയുണ്ട്. വേറിട്ട ശൈലിയും കാഴ്ചപ്പാടുമുള്ള പരിശീലകനൊപ്പം ഇറങ്ങുന്നതിൽ പ്രയാസമില്ലെന്ന് ക്യാപ്റ്റൻ രോഹിത് പറയുന്നു.
‘‘തീർച്ചയായും രാഹുൽ, വിക്രം റാഥോർ, പരസ് മംബ്രെ എന്നിവരടങ്ങുന്നത് വേറിട്ട സംഘമായിരുന്നു. പുതിയ കാഴ്ചപ്പാടോടെയെത്തുന്ന ടീമിനൊപ്പമാകുന്നതും നല്ലതുതന്നെ’’ -രോഹിതിന്റെ വാക്കുകൾ. അഭിഷേക് നായർ (അസി. കോച്ച്), മോൺ മോർകൽ (ബൗളിങ് കോച്ച്), റയാൻ ടെൻ ഡീസ്ചെറ്റ് (അസി. കോച്ച്) എന്നിവരാണ് ഗംഭീറിന്റെ പുതിയ സഹപ്രവർത്തകർ. കഴിഞ്ഞ ജൂണിൽ ട്വന്റി20 ലോകകപ്പിനു ശേഷം ദ്രാവിഡ് കളമൊഴിഞ്ഞതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഗംഭീർ കാലത്തിന് തുടക്കമാകുന്നത്.
ഫാസ്റ്റ് ബൗളിങ്ങിനെയും സ്പിന്നിനെയും ഒരുപോലെ തുണക്കുമെന്ന് കരുതുന്ന പിച്ചിൽ അഞ്ചു ബൗളർമാരുമായാകും ടീം ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ എന്നിവർക്ക് അവസരം ഉറപ്പാണെങ്കിൽ അഞ്ചാമനായി അക്സർ പട്ടേൽ, കുൽദീപ് യാദവ്, ആകാശ് ദീപ്, യാഷ് ദയാൽ എന്നിവരിൽ ഒരാളാകും. നവംബറിൽ ആസ്ട്രേലിയക്കെതിരെ ബോർഡർ- ഗവാസ്കർ ട്രോഫി ആരംഭിക്കാനിരിക്കെ അതിന് ഒരുക്കം കൂടിയായിട്ടാകും ഇന്ത്യ ബംഗ്ലാ കടുവകൾക്കെതിരായ മത്സരത്തെ കാണുക. നിലവിൽ മുഹമ്മദ് ഷമി ടീമിനൊപ്പമില്ലെങ്കിലും പരിക്കു മാറി താരം ഓസീസിനെതിരെ ഇറങ്ങുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.