മഴയിൽ മുങ്ങി ഗ്രീൻപാർക്ക് സ്റ്റേഡിയം; ആദ്യദിനം കളിച്ചത് 35 ഓവർ മാത്രം, 100 കടന്ന് ബംഗ്ലാദേശ്
text_fieldsകാൺപുർ: ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്‍റെ ആദ്യദിനം മഴ വില്ലനായപ്പോൾ, കളിക്കാനായത് 35 ഓവർ മാത്രം. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 40 റൺസുമായി മോമിനുൽ ഹഖും ആറ് റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ. രണ്ടാം ദിനം ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ ആധിപത്യം നേടാനുള്ള ശ്രമമായിരിക്കും ഇന്ത്യ നടത്തുക. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.
നേരത്തെ, ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 30 റൺസ് കണ്ടെത്തുന്നതിനിടെ ബംഗ്ലാദേശിന് ഓപണർമാരെ നഷ്ടമായി. 24 പന്തുകൾ നേരിട്ട സാകിർ ഹസൻ സംപൂജ്യനായി മടങ്ങിയപ്പോൾ, 24 റൺസാണ് ഷദ്മൻ ഇസ്ലാമിന്‍റെ സമ്പാദ്യം. ഇരുവരെയും ആകാശ് ദീപാണ് കൂടാരം കയറ്റിയത്. സ്കോർ 80ൽ നിൽക്കേ 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്‍റോ അശ്വിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജ് മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞെങ്കിലും വിക്കറ്റുകൾ നേടാനായില്ല.
ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ കളിയിലെ താരമായ അശ്വിൻ രണ്ടാം മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ഏഷ്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ താരം രണ്ടാമതെത്തി. 420 വിക്കറ്റുകളുമായി ഇന്ത്യയുടെ മുൻ താരം അനിൽ കുംബ്ലെയെ അശ്വിൻ മറികടന്നു. ഏഷ്യൻ പിച്ചുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിന് മുന്നിലുള്ളത്.
612 ടെസ്റ്റ് വിക്കറ്റുകളാണ് മുരളീധരൻ എഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ എറിഞ്ഞിട്ടത്. 800 വിക്കറ്റുകൾ മുരളീധരൻ തന്‍റെ കരിയറിൽ നേടിയിട്ടുണ്ട്. 523 വിക്കറ്റാണ് അശ്വിന്‍റെ ടെസ്റ്റ് കരിയറിലെ ഇതുവരെയുള്ള സമ്പാദ്യം. ഇതിൽ 420 വിക്കറ്റും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് നേടിയത്. ഇന്ത്യൻ മണ്ണിൽ 370 ടെസ്റ്റ് വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ താരവും അശ്വിനാണ്. കുംബ്ലെക്ക് ഇന്ത്യയിൽ 350 വിക്കറ്റുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.