ഉമേഷ് യാദവിനും അശ്വിനും നാലു വിക്കറ്റ്; ബംഗ്ലാദേശ് 227ന് പുറത്ത്
text_fieldsധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 227 റൺസിന് പുറത്ത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ 73.5 ഓവറിൽ 227 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ടീമിലേക്കു തിരിച്ചെത്തിയ മോമിനുൽ ഹഖ് ഒരുവശത്ത് പൊരുതിനിന്നെങ്കിലും ബാക്കിയുള്ളവർ വേഗത്തിൽ മടങ്ങി. താരം 157 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 84 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. നാലു താരങ്ങൾക്ക് രണ്ടക്കം കാണാനായില്ല.
ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്റോ (57 പന്തിൽ 24), സാകിർ ഹസൻ (34 പന്തിൽ 15), നായകൻ ഷാക്കിബ് അൽ ഹസൻ (39 പന്തിൽ 16), മുഷ്ഫിഖുർ റഹിം (46 പന്തിൽ 26), ലിറ്റൻ ദാസ് (26 പന്തിൽ 25), മെഹ്ദി ഹസൻ മിറാസ് (51 പന്തിൽ 15), നൂറുൽ ഹസൻ (13 പന്തിൽ ആറ്), ടസ്കിൻ അഹമ്മദ് (16 പന്തിൽ ഒന്ന്), ഖാലിദ് അഹമ്മദ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. തയ്ജുൽ ഇസ്‍ലാം നാലു റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ജയ്ദേവ് ഉനദ്കട് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം വെളിച്ചക്കുറവു മൂലം നേരത്തേ കളി നിർത്തുകയായിരുന്നു. ശുഭ്മൻ ഗിൽ (20 പന്തിൽ 14 റൺസ്), നായകൻ കെ.എൽ. രാഹുൽ (30 പന്തിൽ മൂന്ന്) എന്നിവരാണ് ക്രീസിൽ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 208 റൺസ് പിന്നിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.