വീണ്ടും രക്ഷകനായി മെഹ്ദി ഹസ്സൻ; അപരാജിത സെഞ്ച്വറി; ഇന്ത്യക്ക് 272 റൺസ് വിജയലക്ഷ്യം
text_fieldsമിർപുർ (ബംഗ്ലദേശ്): ഇന്ത്യൻ ബോളർമാർക്കു മുന്നിൽ മുൻനിരയും മധ്യനിരയും അതിവേഗം കൂടാരം കയറിയപ്പോൾ, വീണ്ടും രക്ഷകനായി അവതരിച്ച് മെഹ്ദി ഹസ്സൻ. അവസാന പന്തിൽ സെഞ്ച്വറി കുറിച്ച താരത്തിന്‍റെ പ്രകടനത്തിൽ ബംഗ്ലാദേശ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു.
ഏഴാം വിക്കറ്റിൽ മെഹ്ദി ഹസ്സനും മഹമദല്ലയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരുടെയും ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്‍റെ നട്ടെല്ല്. നാലു സിക്സും എട്ടു ഫോറുകളും ഉൾപ്പെടെയാണ് മെഹ്ദി അപരാജിത സെഞ്ച്വറി (83 പന്തിൽ 100 റൺസ്) നേടിയത്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലദേശ് തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർബോർഡിൽ 66 റൺസ് മാത്രം കൂട്ടിചേർക്കുമ്പോഴേക്കും വിലപ്പെട്ട ആറു വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിങ് ബാറ്റർ അനമുൽ ഹഖിനെ (ഒമ്പത് പന്തിൽ 11) മുഹമ്മദ് സിറാജ് എൽബിയിൽ കുരുക്കി. പിന്നാലെ നായകൻ ലിറ്റൻ ദാസും (23 പന്തിൽ ഏഴ്) സിറാജിനു മുന്നിൽ വീണു.
നജ്മുൽ ഹുസൈൻ ഷാന്റോയുടെ (35 പന്തിൽ 21) ചെറുത്തുനിൽപ് ഉമ്രാൻ മാലിക്ക് അവസാനിപ്പിച്ചു. ഷാക്കിബ് അൽ ഹസനെ (20 പന്തിൽ എട്ട്) ശിഖർ ധവാന്റെ കൈകളിൽ എത്തിച്ച് വാഷിങ്ടൻ സുന്ദർ ബംഗ്ലദേശിനെ തകർച്ചയുടെ ആക്കം കൂട്ടി. സ്കോർ നാലു വിക്കറ്റിന് 66 റൺസ്.
മുഷ്ഫിഖുർ റഹീമിനെയും (24 പന്തിൽ 12) അഫീഫ് ഹുസൈനെയും (0) സുന്ദർ വേഗത്തിൽ മടക്കി. ഇതിനിടെ ഫിൽഡിങ്ങിനിടെ വിരലിൽ പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമയെ വിശദ പരിശോധനക്ക് വിധേയമാക്കി. പിന്നാലെയായിരുന്നു മെഹ്ദി ഹസന്‍റെയും മഹമദല്ലയുടെയും ചെറുത്തുനിൽപ്പ്. ഇരുവരും സ്കോർ ബോർഡ് മുന്നോട്ടു കൊണ്ടുപോയി.
ഒടുവിൽ മഹമദുല്ല (96 പന്തിൽ 77 റൺസ്) മടങ്ങുമ്പോൾ ബംഗ്ലാദേശിന്‍റെ സ്കോർ 217 റൺസ്. നസും അഹമദ് 11 പന്തിൽ 18 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനം നിർണായകമാണ്. തോറ്റാൽ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യക്ക് നഷ്ടമാകും. 2015ൽ ബംഗ്ലാദേശിൽ അവസാനമായി കളിച്ച പരമ്പരയിലും ഇന്ത്യ 2–1ന് തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.