വീണ്ടും 'കടുവകളുടെ' കടിയേറ്റ് വീണ് ഇന്ത്യ; അണ്ടർ 19 ഏഷ്യ കപ്പിൽ തുടർച്ചയായി രണ്ടാം തവണയും മുത്തമിട്ട് ബംഗ്ലാദേശ്
text_fieldsദുബൈ: വീണ്ടും ഇന്ത്യയുടെ കൈയെത്തും ദൂരത്ത് നിന്ന് കിരീടം തട്ടിയെടുത്ത് ബംഗ്ലാദേശ് അണ്ടർ 19 ഏഷ്യ കപ്പ് ചാമ്പ്യന്മാരായി. തുടർച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടം ചൂടുന്നത്.
ശക്തരായ ഇന്ത്യയെ കലാശപ്പോരിൽ 59 റൺസിന് കീഴടക്കിയാണ് കടുവകൾ കൗമാരകിരീടം നേടിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ 49.1 ഓവറിൽ 198 റൺസിന് ബംഗ്ലാദേശ് ബാറ്റർമാർ കൂടാരം കയറിയിരുന്നു.
എന്നാൽ, ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിലവസാനിച്ചു. 26 റൺസെടുത്ത നായകൻ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആന്ദ്രേ സിദ്ധാർത്ഥ് (20), കെ.പി കാർത്തികേയ (21), ഹാർദിക് രാജ് (24) ചേതൻ ശർമ (10) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
ബംഗ്ലാദേശിന് വേണ്ടി ഇഖ്ബാൽ ഹുസൈനും അസിസുൽ ഹക്കീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 198 റൺസിന് ഓൾ ഔട്ടാകുയായിരുന്നു. റിസാൻ ഹുസൈനാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. 65 പന്തിൽ 47 റൺസെടുത്താണ് താരം പുറത്തായത്.
മുഹമ്മദ് ശിഹാബ് ജെയിംസ് (67 പന്തിൽ 40 റൺസ്), ഫരീദ് ഹസൻ (49 പന്തിൽ 39) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സവാദ് അബ്രാർ (35 പന്തിൽ 20), കലാം സിദ്ദീഖി (16 പന്തിൽ ഒന്ന്), നായകൻ അസീസുൽ ഹക്കീം (28 പന്തിൽ 16), ദെബാഷിശ് ദെബാ (മൂന്നു പന്തിൽ ഒന്ന്), സമിയൂൻ ബഷീർ (ഏഴു പന്തിൽ നാല്), അൽ ഫഹദ് (അഞ്ച് പന്തിൽ ഒന്ന്), ഇഖ്ബാൽ ഹുസൈൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 11 റൺസുമായി മറൂഫ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ചേതൻ ശർമ, യുധജിത് ഗുഹ, ഹാർദിക് രാജ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായ ഇന്ത്യ ഒമ്പതാം കിരീടമാണ് കൈവിട്ടത്. കഴിഞ്ഞ തവണ ഇന്ത്യ സെമി ഫൈനലിലാണ് ബംഗ്ലാദേശിനോട് തോറ്റ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.