മൂന്നാം വനിത ഏകദിനം സമനിലയിൽ; പരമ്പര പങ്കിട്ട് ഇന്ത്യയും ബംഗ്ലാദേശും
text_fieldsധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം സമനിലയിൽ. ബംഗ്ലാദേശ് കുറിച്ച 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യൻ വനിതകൾ 225 റണ്‍സിന് ഓള്‍ഔട്ടായി.
ഇതോടെ പരമ്പരയും സമനിലയിലായി. ഇരുടീമുകളും ട്രോഫി പങ്കിട്ടു. നേരത്തെ, ആദ്യ ഏകദിനം ബംഗ്ലാദേശും രണ്ടാം ഏകദിനം ഇന്ത്യയും വിജയിച്ചിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് വനിതകള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 225 റണ്‍സെടുത്തു.
ഓപ്പണര്‍ ഫര്‍ഗാന ഹക്കിന്റെ സെഞ്ച്വറിയാണ് ആതിഥേയരുടെ സ്കോർ 200 കടത്തിയത്. 160 പന്തില്‍നിന്ന് ഏഴ് ഫോറുകൾ ഉൾപ്പെടെ 107 റണ്‍സെടുത്ത ഫർഗാന റൺ ഔട്ടാകുകയായിരുന്നു. ഷമീമ സുല്‍ത്താന അര്‍ധ സെഞ്ച്വറി (78 പന്തിൽ 52 റൺസ്) നേടി. ഇന്ത്യക്കായി സ്നേഹ റാണ രണ്ടു വിക്കറ്റും ദൈവിക വൈദ്യ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.3 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി.
ഇന്ത്യക്കായി സ്മൃതി മന്ദാന (59), ഹര്‍ലീന്‍ ഡിയോള്‍ (77) എന്നിവര്‍ മികച്ച പ്രകടനം നടത്തി. 33 റൺസുമായി ജെമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു. 49 ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റിന് 223 എന്ന നിലയിലായിരുന്നു. അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ഓരോ റണ്‍സ് നേടി ഇന്ത്യ സ്‌കോര്‍ തുല്യമാക്കി. മൂന്നാം പന്തില്‍ മേഘ്ന സിങ് ഔട്ടായതോടെ മത്സരം സമനിലയിൽ കലാശിച്ചു. ബംഗ്ലാദേശിനായി നഹിദ അക്തര്‍ മൂന്ന് വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.