ഒലീ പോപ്പിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 126 റൺസ് ലീഡ്
text_fieldsഹൈദരാബാദ്: ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ഒലീ പോപ് 'ബാസ്ബാൾ' മോഡിൽ തകർത്തടിച്ച് നിന്നപ്പോൾ ഇംഗ്ലണ്ടിന്റെ ലീഡ് നൂറ് കടന്നു. ഹൈദരാബാദ് ടെസ്റ്റിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട്.
126 റൺസ് ലീഡാണ് സന്ദർശകർ നേടിയത്. 208 പന്തിൽ നിന്ന് 17 ഫോറുകളുൾപ്പെടെ 148 റൺസുമായി ഒലീ പോപ്പും 16 റൺസുമായി രെഹാൻ അഹമ്മദുമാണ് ക്രീസിൽ.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് നിലയിലാണ് മുന്നാം ദിനം കളി ആരംഭിച്ചത്. 81 റൺസുമായി രവീന്ദ്ര ജഡേജയും 35 റൺസുമായി അക്സർ പട്ടേലുമായിരുന്നു ക്രീസിൽ. ആറ് റൺസ് ചേർക്കുന്നതിനിടെ ജഡേജയെ (87) ജോ റൂട്ട് എൽ.ബിയിൽ കുരുക്കി. തൊട്ടടുത്ത പന്തിൽ ജസ്പ്രീത് ബുംറ(0) റൺസൊന്നും എടുക്കാതെ മടങ്ങി. അടുത്ത ഒാവറിൽ രെഹാൻ അഹമ്മദിന്റെ പന്തിൽ അക്സർ പട്ടേലും മടങ്ങിയതോടെ 436 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് മൂന്നാം ദിനം ചേർക്കാനായത് വെറും 15 റൺസ് മാത്രമാണ്. ജോ റൂട്ട് നാല് വിക്കറ്റെടുത്തു.
190 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയതെങ്കിലും ടീം സ്കോർ 45ൽ നിൽക്കെ വെടിക്കെട്ട് മൂഡിലായിരുന്ന സാക്ക് ക്രാളിയെ(31) രവിചന്ദ്ര അശ്വിൻ പുറത്താക്കി. ഒലീ പോപ്പിനെ കൂട്ടുപിടിച്ച് ബെൻ ഡെക്കറ്റ് തകർത്തടിച്ച് സ്കോർ നൂറ് കടത്തി. 18 ഓവറിൽ 113 ലെത്തിയ ഇംഗ്ലണ്ടിന് രണ്ടാമത്തെ പ്രഹരം ജസ്പ്രീത് ബുംറയുടേതായിരുന്നു. 52 പന്തിൽ 47 റൺസെടുത്ത ബെൻ ഡെക്കറ്റിന്റെ സ്റ്റംപ് ബുംറ പിഴുതെറിഞ്ഞു.
നിലയുറപ്പിക്കും മുൻപ് ജോ റൂട്ടിനെ (2) എൽ.ബിയിൽ കുരുക്കി ബുംറ വീണ്ടും ഞെട്ടിച്ചു. ജോണി ബെയർസ്റ്റോ 10 റൺസെടുത്ത് ജഡേജക്കും ക്യാപ്റ്റൻ ബെൻസ്റ്റോക്ക് ആറ് റൺസെടുത്ത് അശ്വിനും വിക്കറ്റ് നൽകി മടങ്ങി. ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോളും റൺറേറ്റ് പോലും താഴാതെ ഒലീ പോപ്പ് ഒരു വശത്ത് ഉറച്ച് നിന്നു. ആറാം വിക്കറ്റിൽ ബെൻഫോക്സിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ലീഡെടുത്തു. സ്കോർ 275 ൽ നിൽക്കെ ബെൻ ഫോക്സിനെ (34) അക്സർ പട്ടേൽ മടക്കി. ജസ്പ്രീത് ബുംറയും രവിചന്ദ്ര അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.