റൂട്ടിന് വീണ്ടും സെഞ്ച്വറി; ലീഡ്സിൽ കൂറ്റൻ ലീഡുമായി ഇംഗ്ലണ്ട്
text_fieldsലീഡ്സ്: ചുമ്മാതല്ല ഇംഗ്ലീഷ് നായകന് ജോസഫ് എഡ്വേഡ് റൂട്ട് എന്ന് പേരിട്ടതെന്ന് വിരാട് കോഹ്ലിക്കും സംഘത്തിനും മനസ്സിലായിക്കാണണം. മൂന്നാം ടെസ്റ്റിെൻറ ആദ്യ ദിവസം ഇംഗ്ലണ്ടിെൻറ ഫാസ്റ്റ് ബൗളിങ് കണ്ട് മുട്ടുവിറച്ച് വെറും 78 റൺസിന് ഇന്ത്യൻ ടീം കൂടാരംകയറിയ പിച്ചാണ്. പക്ഷേ, ആ പിച്ചിൽ വേരുറച്ച മരംകണക്കെ പരമ്പരയിലെ തുടർച്ചയായ മൂന്നാം സെഞ്ച്വറിയും അടിച്ചെടുത്ത ജോ റൂട്ട് തെൻറ പേരിെൻറ അർഥം ആണിയടിച്ചുറപ്പിച്ചപ്പോൾ ഇംഗ്ലണ്ടിെൻറ പേരിൽ ഉയർന്നത് കൂറ്റൻ സ്കോർ. രണ്ടാം ദിനം കളി നിർത്തുേമ്പാൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് കൈയിലിരിക്കെ 345 റൺസിെൻറ ലീഡ്.
ബാറ്റെടുത്തവരെല്ലാം ഉറഞ്ഞുതുള്ളുന്നതു കണ്ടാണ് രണ്ടാം ദിനവും ലീഡ്സ് മൈതാനം ഉണർന്നത്. ഇന്ത്യ 78 റൺസിന് ഓൾഒൗട്ടായ പിച്ചിൽ ചെകുത്താന്മാരൊന്നും ഒളിച്ചിരിപ്പില്ലെന്ന് ആദ്യ ദിനംതന്നെ അർധ സെഞ്ച്വറി നേടിയ ഓപണർമാരായ റോറി ബേൺസും ഹസീബ് ഹമീദും തെളിയിച്ചതാണ്. വിക്കറ്റ് നഷ്ടപ്പെടാതെ 120 റൺസുമായി ഇന്നിങ്സ് ആരംഭിച്ച ഇരുവരും വൈകാതെ മടങ്ങി. 61 റൺസെടുത്ത ബേൻസിെൻറ കുറ്റി മുഹമ്മദ് ഷമി പിഴുതപ്പോൾ 68 റൺസെടുത്ത ഹസീബ് ഹമീദിെൻറ സ്റ്റംപ് രവീന്ദ്ര ജദേജ തെറുപ്പിച്ചു.
പിന്നീടായിരുന്നു നായകെൻറ ഉറച്ച വരവ്. ഡേവിഡ് മലാനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്ത്യൻ ബൗളിങ്ങിെൻറ മുനയൊടിച്ചു. ലോഡ്സിലെ വീര്യമെല്ലാം ചോർന്നുപോയ ഇന്ത്യൻ പേസ് ബാറ്ററി റൂട്ടിനു മുന്നിൽ റൺസെടുക്കാൻ വേണ്ടി മാത്രം പന്തെറിഞ്ഞു തളർന്നു.
മാറിമാറി ബൗളർമാരെ പരീക്ഷിച്ചിട്ടും വേരുപിടിച്ച റൂട്ട് ഇളകിയില്ല. 57 പന്തിൽ അർധ സെഞ്ച്വറിയും കടന്ന് സെഞ്ച്വറി ലക്ഷ്യമാക്കി റൂട്ട് കുതിച്ചു. 99 പന്തിൽനിന്ന് ഡേവിഡ് മലാനും അർധ സെഞ്ച്വറി തികച്ചു. മൂന്നാം വിക്കറ്റിൽ 139 റൺസ് ചേർത്തശേഷം ഡേവിഡ് മലാനാണ് വേർപിരിഞ്ഞത്. മുഹമ്മദ് സിറാജിെൻറ പന്ത് ഫ്ലിക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബാറ്റിലുരഞ്ഞ പന്ത് ലെഗ് സൈഡിലൂടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിെൻറ കൈയിലൊതുങ്ങുകയായിരുന്നു. ആദ്യം ക്യാച്ചാണെന്നു പന്തിനുപോലും തോന്നിയില്ല. റിവ്യൂവിലൂടെയായിരുന്നു കോഹ്ലി വിക്കറ്റുറപ്പിച്ചത്.
മറുവശത്ത് റൂട്ട് കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറിയും കൈപ്പിടിയിലാക്കി കുതിച്ചു. ജോണി ബെയർസ്റ്റോയെ (29) ഷമി സ്ലിപ്പിൽ കോഹ്ലിയുടെ കൈയിലേൽപിച്ചു. ഏഴ് റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറെ ഷമിയുടെ പന്തിൽ ഇഷാന്ത് ശർമ പിടിച്ച് പുറത്താക്കി. വൈകാതെ, 121 റൺസെടുത്ത ജോ റൂട്ടിനെ ബുംറ വിക്കറ്റ് തകർത്ത് പുറത്താക്കിയപ്പോഴാണ് ഇന്ത്യക്ക് തെല്ലെങ്കിലും ആശ്വാസമായത്. മൊയീൻ അലിയെ (8) ജദേജ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.