ഇംഗ്ലീഷ് പരീക്ഷയിൽ ഇന്ന് ഫൈനൽ ടെസ്റ്റ്
text_fieldsഅഹ്മദാബാദ്: ഇന്ത്യയുടെ ഇംഗ്ലീഷ് പരീക്ഷയിൽ ഇന്ന് ഫൈനൽ ടെസ്റ്റ്. തോൽക്കാതെ പിടിച്ചുനിന്നാൽ ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലിലേക്ക് പാസ്മാർക്ക് ഉറപ്പ്.
ജയിച്ചാൽ, ഫസ്റ്റ് ക്ലാസ് മികവിൽത്തന്നെ ഫൈനൽ ബർത്ത്. ഇംഗ്ലണ്ട് ജയിച്ച്, പരമ്പര സമനിലയാക്കിയാൽ ആസ്ട്രേലിയക്ക് ചുളുവിൽ ഫൈനലിലേക്ക് കടന്നുകൂടാം.
കളിയുടെ ചുറ്റുവട്ടം ഇങ്ങനെയൊക്കെയാണെങ്കിലും കളമുണർന്നാലേ ചിത്രം വ്യക്തമാവൂ. മൂന്ന് ടെസ്റ്റുകൾ പിന്നിട്ടപ്പോൾ 2-1ന് ഇന്ത്യ മുന്നിലാണ്.
നാലാം ടെസ്റ്റിലെ സമനിലകൊണ്ട് കോഹ്ലിയും സംഘവും സേഫ്സോണിലാവുമെങ്കിലും അറ്റാക്കിങ് മൂഡിലാണ് ടീം ഇന്ത്യ. മൊട്ടേരയിലെ പിങ്ക് ബാൾ ടെസ്റ്റിൽ ഒന്നര ദിനംകൊണ്ട് ഇംഗ്ലീഷുകാരെ ചുരുട്ടിക്കെട്ടി വൻജയം കുറിച്ചതിെൻറ ആവേശം നിലനിൽക്കണമെങ്കിലും അതേ സ്റ്റേഡിയത്തിലെ പുതു പിച്ചിലും വിജയം ആവശ്യമാണ്.
ആവനാഴിയിൽ സ്പിൻ അസ്ത്രം
പിച്ചിനെ പഴിക്കാതെ കളിയിലേക്ക് ശ്രദ്ധിക്കൂ എന്നാണ് ഇംഗ്ലീഷുകാർ പറയുന്നത്. മൂന്നാം ടെസ്റ്റിലെ തോൽവിയുടെ ഞെട്ടലിൽനിന്നും മോചിതരായി മോശം പിച്ചിലും ബാറ്റുചെയ്യാൻ പഠിക്കൂവെന്നാണ് കോച്ച് സിൽവർവുഡ് നൽകുന്ന ഉപദേശം.
പിച്ചിനെക്കുറിച്ചുള്ള സംസാരം അവസാനിച്ചെങ്കിലും അകത്തളങ്ങളിൽ പിച്ച് തന്നെ താരം. അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ലെന്ന് ഉറപ്പാണ്. പരമ്പരയിലുടനീളം കണ്ട സ്പിൻ സൗഹൃദ സ്വഭാവം തന്നെയാവും നാലാം ടെസ്റ്റിലും കാണുക.
എന്നാൽ, ബാറ്റ്സ്മാന്മാരെ കൂടി വാരിപ്പുണരുന്നതാവുമെന്ന് ക്യുറേറ്റർമാർ സൂചന നൽകുന്നു. അങ്ങനെെയങ്കിൽ ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ കണ്ട ജോ റൂട്ട് ഡബ്ൾ സെഞ്ച്വറിയും ഋഷഭ് പന്ത് വെടിക്കെട്ടുമെല്ലാം മൊട്ടേരയിലും പ്രതീക്ഷിക്കാം.
പിങ്ക് ബാളിൽനിന്ന് റെഡ്ബാളിലേക്കുള്ള മാറ്റവും കളിയിൽ പ്രതീക്ഷിക്കാം. അശ്വിൻ, അക്സർ പട്ടേൽ സ്പിൻ ദ്വയം തന്നെ ഇന്ത്യയുടെ ചാട്ടുളി. കഴിഞ്ഞ മൂന്നു ടെസ്റ്റിൽ ഇംഗ്ലണ്ടിെൻറ 60ൽ 49 വിക്കറ്റും ഇന്ത്യൻ സ്പിന്നർമാരായിരുന്നു വീഴ്ത്തിയത്.
ഇതിൽ അശ്വിനും അക്സറും ചേർന്ന് 42 വിക്കറ്റ് പങ്കിട്ടു. ബാറ്റിങ്ങിൽ രോഹിത് ശർമയും (296 റൺസ്), ആർ. അശ്വിനും (176) ആണ് ഇന്ത്യൻ നിരയിൽ ടോപ്. രണ്ട് അർധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും. എന്നാൽ, അജിൻക്യ രഹാനെ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര എന്നിവർ ആറ് ഇന്നിങ്സിൽ ഒരു അർധസെഞ്ച്വറി വീതം മാത്രമാണ് നേടിയത്.
ഇവർ കൂടി ഫോമിലേക്കുയരേണ്ടത് ടീമിന് ആവശ്യമാണ്. പേസ് ബൗളർ ജസ്പ്രീത് ബുംറ ടീമിലില്ല. പകരക്കാരനായി ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ഇടം നേടും.
വൈകിയെങ്കിലും ഇംഗ്ലീഷുകാരും നാലാം ടെസ്റ്റിൽ സ്പിന്നിനെ മുഖ്യ ആയുധമാക്കും. ജാക് ലീച്ചിന് കൂട്ടായി, ഒന്നാം ടെസ്റ്റിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസിന് അവസരം നൽകും. ബാറ്റിങ്നിരയിൽ ജോ റൂട്ട് അല്ലാതെ മറ്റാരും ഫോമിലേക്കുയർന്നിട്ടില്ലെന്നതാണ് ഇംഗ്ലണ്ടിെൻറ പ്രധാന തലവേദന.
വിരാട്; റെക്കോഡ് വീരൻ
60 : ക്യാപ്റ്റൻ കുപ്പായത്തിൽ വിരാട് കോഹ്ലിയുടെ 60ാം ടെസ്റ്റ്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റനായ എം.എസ്. ധോണിയുടെ റെക്കോഡിനൊപ്പമെത്തും. ഇരുവരും ഏഴു വർഷംകൊണ്ടാണ് ഇത്രയും മത്സരത്തിൽ ടീമിനെ നയിച്ചത്. കഴിഞ്ഞ 59 ടെസ്റ്റിൽ കോഹ്ലി 35 ജയം നേടിയപ്പോൾ, ധോണിക്ക് 27 ജയം.
12,000 : ക്യാപ്റ്റനായിരിക്കെ രാജ്യാന്തര റൺവേട്ടയിൽ 12,000 കടക്കാൻ കോഹ്ലിക്ക് വേണ്ടത് വെറും 17 റൺസ് കൂടി. റിക്കി പോണ്ടിങ്ങും േഗ്രയം സ്മിത്തും മാത്രമാണ് ഈ പട്ടികയിൽ കോഹ്ലിക്കു മുന്നിലുള്ളത്.
35 : നിലവിൽ 35 ടെസ്റ്റ് ജയിച്ച നായകനാണ് കോഹ്ലി. ഒരു ജയം കൂടിയായാൽ ൈക്ലവ് ലോയ്ഡിനൊപ്പം (36) എത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.