ഇന്ത്യയെ നയിക്കാൻ ബുംറ; വഴിമാറുന്നത് 35 വര്‍ഷത്തെ ചരിത്രം
text_fieldsബിർമിങ്ഹാം: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമ കോവിഡ് പോസിറ്റിവായി വിശ്രമത്തിലായതിനാൽ കളിക്കാൻ കഴിയാത്തതിനാലാണ് പകരക്കാരനെ പ്രഖ്യാപിച്ചത്. 1987ന് ശേഷം ഇന്ത്യയുടെ കപ്പിത്താനാവുന്ന ആദ്യ പേസ് ബൗളറാണ് ബുംറ. കപിൽദേവാണ് പട്ടികയിൽ ഏറ്റവും അവസാനത്തെയാൾ. ഇക്കൊല്ലമാദ്യം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ബുംറയെ ഉപനായകനാക്കിയിരുന്നു.
രോഹിത്തിന്റെ അഭാവത്തിൽ കെ.എൽ. രാഹുലാണ് കുറച്ച് നാളായി ക്യാപ്റ്റൻസി കൈയാളിയിരുന്നത്. രാഹുലും പരിക്കിന്റെ പിടിയിലായതിനാലാണ് നിലവിൽ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ ബുംറയുടെ നിയോഗം. രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന് കളിക്കാൻ കഴിയുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. ഓപണർ മായങ്ക് അഗർവാളിനെക്കൂടി ടീമിലെടുത്തതോടെ രോഹിത് ഇറങ്ങില്ലെന്ന സംശയത്തിന് ബലംകൂടി. ശുഭ്മാൻ ഗില്ലിനൊപ്പം ചേതേശ്വർ പുജാരയോ ഹനുമ വിഹാരിയോ ഇന്നിങ്സ് ഓപൺ ചെയ്യാനും മായങ്ക് പുറത്തിരിക്കാനുമാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.