വാളെടുത്തവൻ വാളാൽ; തിരിച്ചടിച്ച് ഇംഗ്ലീഷ് സ്പിന്നർമാർ
text_fieldsഅഹ്മദാബാദ്: സ്പിന്നർമാരെ ഇറക്കിയുള്ള ഇന്ത്യയുടെ ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. അഞ്ചുവിക്കറ്റെടുത്ത ജോ റൂട്ടിന്‍റെയും നാലുവിക്കറ്റെടുത്ത ജാക് ലീഷിന്‍റെയും കറങ്ങുന്ന പന്തുകൾക്ക് മുമ്പിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വട്ടംകറങ്ങി. ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് ഇന്ത്യയെ 145 റൺസിലൊതുക്കി. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറായ 112 റൺസിനെതിരെ വൻ ലീഡ് തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നേടാനായത് 33 റൺസിന്‍റെ ലീഡ്മാത്രം മാത്രം.
മൂന്നുവികറ്റ് നഷ്ടമാക്കി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഏഴ് റൺസെടുത്ത അജിൻക്യ രഹാനെയെയാണ്. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത് ശർമയും തിരിഞ്ഞു നടന്നു. ഇരുവരെയും ജാക്ക് ലീഷ് വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു.
പിച്ച് സ്പിന്നർമാരെ തുണക്കുന്നതാണെന്ന് മനസ്സിലാക്കി പന്ത് കൈയ്യിലെടുത്ത ഇംഗ്ലീഷ് നായകൻ ജോറൂട്ടിന്‍റെ കണക്ക്കൂട്ടൽ അക്ഷരാർഥത്തിൽ ശരിയായി. ഋഷഭ് പന്ത് (1), വാഷിങ്ടൺ സുന്ദർ (0), അക്സർ പേട്ടൽ (0), ജസ്പ്രീത് ബുംറ (1) എന്നിവർ റൂട്ടിന് മുമ്പിൽ നിരായുധരായി മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന 17 റൺസെടുത്ത ആർ. അശ്വിനെയും റൂട്ട് കറക്കി വീഴ്ത്തി. 10 റൺസെടുത്ത ഇശാന്ത് ശർമ പുറത്താകാതെ നിന്നു. നൂറാംടെസ്റ്റിനിങ്ങിയ ഇശാന്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ ഏക സിക്സറിനും സ്റ്റേഡിയം സാക്ഷിയായി.
രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങുന്ന ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കി ടെസ്റ്റ് വിജയത്തിലേക്ക് നയിക്കാനാകും ഇന്ത്യൻ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.