നാലാം ടെസ്റ്റിൽ അശ്വിനെ മാറ്റിനിർത്തിയതിനെതിരെ ശശി തരൂരിന്‍റെ ട്വീറ്റ്
text_fieldsന്യൂഡൽഹി: ഇന്നിങ്സ് തോൽവിയുടെ മാനക്കേട് രവിചന്ദ്രൻ അശ്വിനിറങ്ങി മാറ്റിയെഴുതുമെന്ന ആരാധകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് അവസാന ഇലവനിൽ നിന്ന് പുറത്തായതിൽ അരിശവും നിരാശയും പങ്കുവെച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് ശശി തരൂർ എം.പി. ടീം മാനേജ്മെന്റ് കളിക്കുമുമ്പ് പുറത്തുവിട്ട അവസാന പട്ടികയിൽ ഫാസ്റ്റ് ബൗളർമാരായ ഉമേഷ് യാദവിനെയും ഷാർദുൽ താക്കൂറിനെയും വിളിച്ചപ്പോൾ സ്പിന്നർ അശ്വിൻ പുറത്തായി. ആകെ അവശേഷിച്ച സ്പിന്നറാകട്ടെ അത് രവീന്ദ്ര ജഡേജയും. കഴിഞ്ഞ കളികളിൽ കാര്യമായി തിളങ്ങാനാകാതെ പോയ ജഡേജക്ക് പകരക്കാരനായി അശ്വിൻ എത്തുമെന്നായിരുന്നു നേരത്തെ വാർത്തകൾ. എന്നാൽ, അവസാന പട്ടികയായപ്പോഴാണ് താരം പുറത്തുതന്നെയെന്ന് ഉറപ്പായത്. ഇതിൽ രോഷമറിയിച്ചാണ് തരൂരിന്‍റെ പോസ്റ്റ്. മികച്ച ഫോമിലായിട്ടും പരമ്പരയിൽ ഇതുവരെ അശ്വിന് അവസരം ലഭിച്ചിട്ടില്ല.
''ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്പിൻ സൗഹൃദ മൈതാനത്ത് അവർ അശ്വിനെ മാറ്റിനിർത്തിയത് വിശ്വസിക്കാനാകുന്നില്ല. ഈ ടീം അവിശ്വസനീയം. ഏറ്റവും മികച്ച അഞ്ചു ബൗളർമാരെ തെരഞ്ഞെടുക്കൂ. അതിൽ ഒന്നാമനോ രണ്ടാമനോ ആയി അശ്വിനുണ്ടാകും. ഓവലിൽ താരത്തെയും ഷമിയെയും ഒഴിവാക്കിയത് തോൽവി ആഗ്രഹിക്കുന്നതുപോലെയായി' എന്നായിരുന്നു ട്വീറ്റ്.
ഇതിനു താഴെ പ്രതികരണവുമായി എത്തിയവർ കോഹ്ലിയെ മാറ്റി ഇന്ത്യയെ രക്ഷിക്കണമെന്നു വരെ ട്വീറ്റിട്ടു. എന്നാൽ, ഇംഗ്ലണ്ടും നാലു ഫാസ്റ്റ് ബൗളർമാരെ വെച്ചാണ് കളിക്കുന്നതെന്നും അശ്വിനെ വിളിക്കാത്തത് വിഷയമാക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.