അരങ്ങേറ്റം ഉജ്ജ്വലമാക്കി ആകാശ്; റാഞ്ചിയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റ് നഷ്ടം
text_fieldsറാഞ്ചി: ഇന്ത്യൻ ടീമിലെ അരങ്ങേറ്റം ഫാസ്റ്റ് ബൗളർ ആകാശ് ദീപ് ആഘോഷമാക്കിയപ്പോൾ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചിന് 112 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപിന്റെ ബൗളിങ്ങാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്.
ബെൻ ഡക്കറ്റിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചാണ് ആകാശ് ദീപ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. സ്കോർ 47ൽ നിൽക്കെയായിരുന്നു ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീടെത്തിയ ഒലി പോപ്പിനെ നിലയുറപ്പിക്കാൻ പോലും ആകാശ് ദീപ് സമ്മതിച്ചില്ല. ഒമ്പതാം ഓവറിലെ നാലാം പന്തിൽ ഒലി പോപ്പിനെ കൂടി മടക്കി ഇംഗ്ലണ്ടിന് ആകാശ് ദീപ് കനത്ത പ്രഹരമേൽപ്പിച്ചു.
42 പന്തിൽ 42 റൺസെടുത്ത ഓപ്പണർ സാക്ക് ക്രൗളിയെ കൂടി വിക്കറ്റിന് മുന്നിൽ ആകാശ് ദീപ് കുടുക്കിയതോടെ ഇംഗ്ലണ്ട് ശരിക്കും വിയർത്തു. പിന്നീട് സ്പിന്നർമാരുടെ ഊഴമായിരുന്നു. ജോൺ ബെയർസ്റ്റോവിനെ അശ്വിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ജഡേജയും മടക്കി.
അഞ്ചു മത്സര പരമ്പരയിൽ 2-1ന് മുന്നിലാണ് ആതിഥേയരിപ്പോൾ. ആ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന രോഹിത് ശർമക്കും സംഘത്തിനും നാലാം ടെസ്റ്റുകൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെയല്ല പിന്നെ കണ്ടത്. ബാസ്ബാൾ ശൈലിയിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ടാവട്ടെ പിന്നെ പിറകോട്ടുപോയി. നാലാം ടെസ്റ്റ് ജയിച്ച് ഒപ്പമെത്തുകയാണ് സന്ദർശകരുടെ ലക്ഷ്യം. സ്വന്തം മണ്ണിൽ തുടർച്ചയായ 17ാം പരമ്പര ജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.