ഇംഗ്ലണ്ടിന് തിരിച്ചടി; ഇന്ത്യക്കെതിരായ ബാക്കി ടെസ്റ്റുകളിൽ സൂപ്പർതാരം കളിക്കില്ല
text_fieldsമുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ബാക്കി മൂന്നു മത്സരങ്ങളിൽ ഇംഗ്ലണ്ടിന്‍റെ സൂപ്പർ സ്പിന്നർ ജാക് ലീഷ് കളിക്കില്ല. ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ലീഷ്, പരിക്കിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.
പരമ്പരയിലെ ബാക്കി ടെസ്റ്റുകളിലും ലീഷ് കളിക്കില്ലെന്ന് ഇംഗ്ലണ്ട് ടീം അറിയിച്ചു. രണ്ടാം ടെസ്റ്റിൽ ലീഷിനു പകരം ശുഐബ് ബഷീറാണ് കളിച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബഷീറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിൽ 106 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ലീഷിന്‍റെ അഭാവത്തിൽ, സ്പിന്നർമാരായ റെഹാൻ അഹ്മദ്, ടോം ഹാർട്ലി, ബഷീർ എന്നിവരെ തന്നെ ടീമിന് ആശ്രയിക്കേണ്ടി വരും. ലീഷിന് പകരക്കാരനെ പ്രഖ്യാപിക്കുന്നില്ലെന്നും നിലവിൽ ടീമിൽ ലഭ്യമായ സ്പിന്നർമാരെ തന്നെ ആശ്രയിക്കുമെന്നും ഇംഗ്ലണ്ട് അറിയിച്ചു.
ഇടത് കാൽമുട്ടിന് പരിക്കേറ്റ ജാക് ലീഷ് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പത്രക്കുറിപ്പിലാണ് വ്യക്തമാക്കിയത്. രണ്ടാം ടെസ്റ്റിനിടെ ബാറ്റർ ജോ റൂട്ടിനും പരിക്കേറ്റിരുന്നു. എന്നാൽ, താരത്തിന് മൂന്നാം ടെസ്റ്റിൽ കളിക്കാനാകുമോ എന്നകാര്യത്തിൽ ടീം പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിനെ ഇന്ത്യ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
വിരാട് കോഹ്‌ലിക്കു പുറമെ പരിക്കേറ്റ ശ്രേയസ് അയ്യരും ടീമിലില്ല. കുടുംബപരമായ കാരണങ്ങളാൽ അവധിയെടുത്ത കോഹ്ലി നിലവിൽ വിദേശത്താണ്. അടുത്ത മത്സരങ്ങളിലും പരിഗണിക്കേണ്ടതില്ലെന്ന് കോഹ്‌ലി ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന മധ്യനിര ബാറ്റർ കെ.എൽ. രാഹുലിനെയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയെയും തിരിച്ചുവിളിച്ചു. രാഹുൽ പൂർണാരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ജദേജയുടെ പരിക്കും ഏറക്കുറെ ഭേദമായി. ഓൾറൗണ്ടർകൂടിയായ 17കാരൻ പേസർ ആകാശ് ദീപിനെ പുതുതായി ടീമിലെടുത്തു.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ, കെ.എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.