പാട്ടീദാറിന് അരങ്ങേറ്റം; സർഫറാസ് കളിക്കില്ല; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
text_fieldsവിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. ബാറ്റർ രജത് പാട്ടീദാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ കെ.എൽ. രാഹുലിന് പകരമാണ് പട്ടീദാറിനെ ടീമിൽ ഉൾപ്പെടുത്തിയത്. സർഫറാസ് ഖാൻ പ്ലെയിങ് ഇലവനിലില്ല. സ്പിന്നർ കുൽദീപ് യാദവും പേസർ മുകേഷ് കുമാറും പുതുതായി ടീമിലെത്തി.
പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജദേജക്കു പകരമായാണ് കുൽദീപ് കളിക്കുന്നത്. മുഹമ്മദ് സിറാജിന് പകരക്കാരനായാണ് മുകേഷ് ടീമിലെത്തിയത്. ഇംഗ്ലണ്ട് ടീമിൽ ശുഐബ് ബഷീർ അരങ്ങേറ്റം കുറിക്കും. വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും ടീമിലുണ്ട്. വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നാം ടെസ്റ്റ് കൈവിട്ട ആതിഥേയർക്ക് രണ്ടാം ടെസ്റ്റ് ജീവന്മരണ പോരാട്ടമാണ്. അഞ്ച് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിയും കൈവിട്ടാൽ തിരിച്ചുവരവ് പ്രയാസമാകും. തുടർതോൽവികൾ രോഹിത് ശർമയിലും സംഘത്തിലും സമ്മർദമേറ്റുകയും ചെയ്യും.
ആദ്യ കളിയിൽ നിർണായക സംഭാവനകൾ നൽകിയ താരങ്ങളാണ് രാഹുലും ജദേജയും. ബാറ്റിങ്ങിലും ബൗളിങ്ങിലും ജദേജയുടെ അഭാവം ബാധിക്കും. മധ്യനിരയിലെ നട്ടെല്ലായ രാഹുൽ പുറത്തിരിക്കുന്നത് തിരിച്ചടിയാണ്. മുൻനിര ബാറ്റർ ശുഭ്മൻ ഗില്ലിന്റെ ഫോമില്ലായ്മയും ടീമിന് തലവേദനായാണ്. സ്പിൻ അനുകൂല പിച്ചാണ് വിശാഖപട്ടണത്തേതുമെന്നാണ് വിലയിരുത്തൽ.
പതിവുപോലെ ഒരു ദിവസം മുമ്പു തന്നെ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ ബാസ്ബാൾ ശൈലിയിൽ ആഞ്ഞടിക്കുന്ന ഇംഗ്ലണ്ടിന് ബാറ്റിങ്ങിലെ പ്രധാന ആയുധം ഒല്ലി പോപ്പാണ്. ടോം ഹാർട്ട്‌ലിയുടെ നേതൃത്വത്തിൽതന്നെയാകും സ്പിൻ ആക്രമണം.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, രജത് പാട്ടീദാർ, കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ.
ടീം ഇംഗ്ലണ്ട്: ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രാളി, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്‌സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്‌സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.