ജോ റൂട്ടിന് സെഞ്ച്വറി (106*); തകർച്ചയിൽനിന്ന് കരകയറി ഇംഗ്ലണ്ട്; ഏഴിന് 302
text_fieldsറാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ തകർച്ചയിൽനിന്ന് കരകയറി ഇംഗ്ലണ്ട്. ജോ റൂട്ടിന്‍റെ സെഞ്ച്വറിയുടെ ബലത്തിൽ ഒന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ സന്ദർശകർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തിട്ടുണ്ട്. 226 പന്തിൽ 106 റൺസെടുത്ത റൂട്ടും 60 പന്തിൽ 31 റൺസുമായി ഒലീ റോബിൻസണുമാണ് ക്രീസിൽ.
ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന ആകാശ് ദീപ് മൂന്നു വിക്കറ്റുകൾ നേടി. ഒരുഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആറാം വിക്കറ്റിൽ റൂട്ടും ബെൻ ഫോക്സും നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും 113 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. ആകാശാണ് മൂന്നു മുൻനിര ബാറ്റർമാരെയും മടക്കി ഇംഗ്ലണ്ടിനെ ആദ്യ സെഷനിൽതന്നെ പ്രതിരോധത്തിലാക്കിയത്.
സ്കോർ 47ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് പോകുന്നത്. 21 പന്തിൽ 11 റൺസെടുത്ത ബെൻ ഡക്കറ്റ് ആകാശിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുന് ജുറലിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടുപിന്നാലെ ഇംഗ്ലണ്ടിന് ഒലി പോപ്പിനെയും നഷ്ടമായി. ആകാശിന്‍റെ പന്തിൽ താരം എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. 42 പന്തിൽ 42 റൺസെടുത്ത സാക് ക്രൗലിയെ ആകാശ് ക്ലീൻ ബൗൾഡാക്കി.
ഇംഗ്ലണ്ട് സ്കോർ നൂറു കടന്നതിനു പിന്നാലെ 35 പന്തിൽ 38 റണ്‍സെടുത്ത ജോണി ബെയർസ്റ്റോയെ ആർ. അശ്വിൻ മടക്കി. ഇതോടെ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികക്കുന്ന ആദ്യ ഇന്ത്യൻ താരമായി അശ്വിൻ. നായകൻ ബെൻ സ്റ്റോക്സിനും തിളങ്ങാനായില്ല. മൂന്ന് റൺസെടുത്ത താരത്തെ രവീന്ദ്ര ജഡേജ പുറത്താക്കി. തുടർന്നായിരുന്നു റൂട്ടിന്‍റെയും ബെൻ ഫോക്സിന്‍റെയും രക്ഷാപ്രവർത്തനം.
ലഞ്ചിനു പിന്നാലെ ഫോക്സിനെ ജദേജയുടെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 126 പന്തിൽ 47 റൺസെടുത്താണ് താരം പുറത്തായത്. ടീം സ്കോർ 225. വൈകാതെ 26 പന്തിൽ 13 റൺസെടുത്ത ടോം ഹാർട്ലിയെയും സിറാജ് പുറത്താക്കി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
‘ബാസ്ബാൾ’ കൈവിട്ട് റൂട്ട്
റാഞ്ചി: ബുംറയില്ലാത്ത ദിനത്തിൽ പേസ് ആക്രമണത്തിന് പുതിയ വേഗം നൽകി ആകാശ് ദീപ് എന്ന ചെറുപ്പക്കാരൻ ആതിഥേയ നിരയിൽ ഉദയംചെയ്ത ദിനത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. വിശാഖപട്ടണത്തും പിറകെ രാജ്കോട്ടിലും തോൽവി സമ്മാനിച്ച ‘ബാസ്ബാൾ’ ശൈലി വേണ്ടെന്നുവെച്ച ജോ റൂട്ട് ഇംഗ്ലീഷുകാരെ കരക്കടുപ്പിച്ചതായിരുന്നു പ്രധാന സവിശേഷത.
വേഗക്കളി വിട്ട് പാരമ്പര്യ ടെസ്റ്റ് ശൈലിയിൽ ബാറ്റുവീശിയ റൂട്ട് 200ലേറെ പന്ത് നേരിട്ടാണ് സെഞ്ച്വറി തൊട്ടത്. കാത്തിരുന്ന് കളിക്കുകയെന്നതായിരുന്നു ഉടനീളം റൂട്ട് സ്വീകരിച്ച തന്ത്രം. അത് ശരിക്കും ഗുണംചെയ്തത് ഇംഗ്ലീഷ് ബാറ്റിങ്ങിനാണ്. ഒരിക്കലൂടെ തകർന്നടിയുമെന്ന് ഉറച്ച ഘട്ടത്തിൽനിന്ന് ടീം കരകയറിയെന്നു മാത്രമല്ല, രണ്ടാം ദിനത്തിലേക്കും കളി നീട്ടിയെടുക്കുകയും ചെയ്തു.
കഴിഞ്ഞ 15 ഇന്നിങ്സുകളിൽ താരത്തിനിത് ആദ്യ സെഞ്ച്വറിയായിരുന്നു. ഈ പരമ്പരയിൽ മൂന്നു തവണ തന്നെ മടക്കിയ ജസ്പ്രീത് ബുംറ അവധിയെടുത്തതും റൂട്ടിന് അവസരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.