ദോ സൗ പാർ
text_fieldsന്യൂയോർക്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആകാംക്ഷകൾ കടന്ന് ഇന്ത്യയിലെ കായികപ്രേമികൾ വീണ്ടും ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക്. പാർട്ടികളുടെയും മുന്നണികളുടെയും ലക്ഷ്യം 300ഉം 400ഉം ഒക്കെയായിരുന്നെങ്കിൽ ഇവിടെ 200ഓ 250ഓ മതി. കുട്ടിക്രിക്കറ്റിൽ രണ്ടാം കിരീടം കൊതിക്കുന്ന ഇന്ത്യ ബുധനാഴ്ച ആദ്യ മത്സരത്തിൽ അയർലൻഡിനെ നേരിടും. രോഹിത് ശർമയെയും സംഘത്തെയും സംബന്ധിച്ച് ഐറിഷ് പട അത്ര വലിയ എതിരാളികൾ അല്ലെങ്കിലും അപകടകാരികളായ ഒരുപറ്റം താരങ്ങൾ ഉൾപ്പെട്ട പോൾ സ്റ്റിർലിങ് സ്ക്വാഡിനെ എഴുതിത്തള്ളാൻ വയ്യ. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ കടക്കാൻ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ. നാസോ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം.ഏകദിന ലോകകപ്പ് കൈയകലെ നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ ട്വന്റി20 കിരീടം പിടിച്ചടക്കേണ്ടതുണ്ട് രോഹിതിന്. നായകനെയും സൂപ്പർ താരം വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇത് അവസാന ലോകകപ്പാവാനാണ് സാധ്യത. 2007ൽ ഇന്ത്യ ആദ്യമായി ജേതാക്കളാവുമ്പോൾ ടീമിലുണ്ടായിരുന്നയാളാണ് രോഹിത്. ഏകദിനത്തിലെയും ട്വന്റി20യിലെ ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ കോഹ്ലിക്ക് പക്ഷേ ഈ കിരീടത്തിൽ മുത്തമിടാൻ ഇനിയും ഭാഗ്യമുണ്ടായിട്ടില്ല. രവീന്ദ്ര ജദേജ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖർക്കും ഈ സ്വപ്നം അകലത്തിൽതന്നെ തുടരുകയാണ്.
ഓപണറാവുമോ കോഹ്ലി?
മൂന്ന് ദിവസം മുമ്പ് നടന്ന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് തോൽപിച്ച് തയാറെടുപ്പ് ഗംഭീരമാക്കിയിട്ടുണ്ട് ഇന്ത്യ. സന്നാഹ മത്സരത്തിൽ കോഹ്ലി കളിച്ചിരുന്നില്ല. രോഹിതിനൊപ്പം ഓപൺ ചെയ്ത മലയാളി താരം സഞ്ജു സാംസൺ പക്ഷേ തീർത്തും നിരാശപ്പെടുത്തി. ട്വന്റി20യുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർക്ക് ഒരുമിച്ച് അവസരം നൽകാനാണ് തീരുമാനമെങ്കിൽ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ പുറത്തിരിക്കേണ്ടി വരും. ഇത് ഓപണറുടെ ചുമതല കോഹ്ലിയിലെത്തിക്കും. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഇന്നിങ്സ് ഓപൺ ചെയ്ത് ഇക്കുറി 700ലധികം റൺസാണ് കോഹ്ലി നേടിയത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരായിരിക്കും മറ്റു സ്പെഷലിസ്റ്റ് ബാറ്റർമാർ. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും പേസ് ബൗളിങ്ങും നയിക്കും. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും എത്തിയേക്കും.
അട്ടിമറി വീരന്മാർ
ട്വന്റി20യിൽ ഏഴും ഏകദിനത്തിൽ മൂന്നും പ്രാവശ്യമാണ് ഇന്ത്യയും അയർലൻഡും ഇതുവരെ ഏറ്റുമുട്ടിയത്. പത്തിലും ഇന്ത്യക്കായിരുന്നു ജയം. എന്നാൽ, ഏകദിനത്തിലും ട്വന്റി20യിലും ഇംഗ്ലണ്ട്, പാകിസ്താൻ, വെസ്റ്റിൻഡീസ് തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ച ചരിത്രമുണ്ട് ഐറിഷ് സംഘത്തിന്. ഓപണർ കൂടിയായ ക്യാപ്റ്റൻ സ്റ്റിർലിങ് നേതൃത്വം നൽകുന്ന ബാറ്റിങ് നിരയിൽ ആൻഡി ബാൽബിർനി, ലോർകൻ ടക്കർ, ഹാരി ടെക്റ്റർ തുടങ്ങിയ കരുത്തരുണ്ട്. ലോകോത്തര പേസർമാരായ ജോഷ് ലിറ്റിൽ, ക്രെയ്ഗ് യങ് തുടങ്ങിയവരുടെ സാന്നിധ്യവും അയർലൻഡിന് പ്രതീക്ഷ നൽകുന്നതാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ. യുസ്വേന്ദ്ര ചാഹൽ.
അയർലൻഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), മാർക്ക് അഡയർ, റോസ് അഡയർ, ആൻഡി ബാൽബിർനി, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഗ്രഹാം ഹ്യൂം, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, നീൽ റോക്ക്, ഹാരി ടെക്റ്റർ, ലോർകൻ ടക്കർ, ബെൻ വൈറ്റ്, ക്രെയ്ഗ് യങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.