ഇന്ത്യ 345ന് പുറത്ത്; ന്യൂസിലൻഡ് വിക്കറ്റ് പോകാതെ 129
text_fieldsകാൺപുർ: 345 അത്ര മോശം ടോട്ടലല്ലെന്ന ആശ്വാസവുമായി ആദ്യ ടെസ്റ്റിെൻറ രണ്ടാം ദിവസം പന്തെടുത്ത ആതിഥേയരെ വിരട്ടി കിവി ഓപണർമാർ. അരങ്ങേറ്റത്തിൽ സെഞ്ച്വറി ആഘോഷവുമായി ശ്രേയസ് അയ്യർ കളംനിറഞ്ഞ ദിനത്തിൽ ഇന്ത്യ മോശമല്ലാത്ത ഇന്നിങ്സുമായി കൂടാരം കയറിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വിക്കറ്റ് നഷ്ടമാകാതെ 129 എന്ന നിലയിൽ. മുനയൊടിഞ്ഞ ഇന്ത്യൻ ബൗളിങ്ങിനെ നിർദയം ശിക്ഷിച്ച് 57 ഓവർ പൂർത്തിയാക്കിയ കിവി ഓപണർമാർ വലിയ സ്കോർ ലക്ഷ്യമിട്ട് കുതിക്കുകയാണ്.
നാലു വിക്കറ്റിന് 248 എന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ ഇന്ത്യൻനിരയിൽ അപകടം വിതച്ച് ടിം സൗത്തി ആഞ്ഞടിച്ചപ്പോൾ തലേന്നത്തെ പ്രകടനമികവ് തുടർന്ന് ശ്രേയസ് അയ്യർ മാത്രമാണ് പിടിച്ചുനിന്നത്. രവീന്ദ്ര ജദേജ (112ൽ 50) റണ്ണൊന്നും ചേർക്കാതെ സൗത്തിക്ക് വിക്കറ്റ് നൽകി അതിവേഗം മടങ്ങി.
പിറകെ എത്തിയ വൃദ്ധിമാൻ സാഹ ഒറ്റ റണ്ണുമായും പവിലിയനിലെത്തി. പിന്നീട് രവിചന്ദ്ര അശ്വിനും അയ്യരും ചേർന്ന് ഇന്ത്യയെ വലിയ ടോട്ടലിലേക്ക് നയിക്കുന്നതിനിടെ സെഞ്ച്വറി തികച്ച് (105 റൺസ്) അയ്യർ തിരികെ കയറി.
അശ്വിൻ 38 റൺസ് എടുത്തതൊഴിച്ചാൽ പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അഞ്ചു വിക്കറ്റെടുത്ത് ടിം സൗത്തി ശരിക്കും അന്തകനായ കിവി നിരയിൽ കെയ്ൽ ജാമിസൺ മൂന്നും പുതുമുഖ താരം അജാസ് പട്ടേൽ രണ്ടും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഓപണർമാരായ ടോം ലഥാമും വിൽ യങ്ങും അനായാസമായാണ് പിടിച്ചുനിന്ന് കളി നയിച്ചത്. 180 പന്ത് നേരിട്ട യങ് 75 റൺസ് ചേർത്തപ്പോൾ 165 പന്തിൽ ലഥാമിെൻറ സംഭാവന 50 റൺസ്.
ഇരുവരുടെയും സെഞ്ച്വറി കൂട്ടുകെട്ട് പൊളിക്കാനായില്ലെങ്കിൽ ന്യൂസിലൻഡ് വലിയ ടോട്ടലുയർത്തുമെന്നുറപ്പ്. അഞ്ചു പേരടങ്ങിയ മുൻനിര ബൗളർമാരിൽ ആരും കാര്യമായി തല്ലു വാങ്ങിയില്ലെന്നതു മാത്രമാണ് ഇന്ത്യൻനിരയിൽ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.