തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; 46ന് പുറത്ത്, മാറ്റ് ഹെൻറിക്ക് അഞ്ച് വിക്കറ്റ്
text_fieldsബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് പിഴുത മാറ്റ് ഹെൻറിയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ അടിവേരറുത്തത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്സ് സ്കോറാണിത്. 20 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശ്വസ്വി ജയ്സ്വാൾ (13) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. സൂപ്പർ താരം വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ എന്നിവർ സംപൂജ്യരായാണ് കൂടാരം കയറിയത്.
ഈർപ്പം നിറഞ്ഞ പിച്ചിൽ അമിത ആത്മവിശ്വാസത്തോടെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ ബോർഡിൽ പത്ത് റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ടിം സൗത്തി എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡായാണ് നായകൻ രോഹിത് ശർമ മടങ്ങിയത്. 16 പന്തുകൾ നേരിട്ട താരത്തിന്‍റെ സമ്പാദ്യം കേവലം രണ്ട് റൺസാണ്. പിന്നാലെയെത്തിയ വിരാട് കോഹ്‌ലി ഒമ്പത് പന്തുകൾ നേരിട്ടെങ്കിലും റണ്ണൊന്നും കണ്ടെത്താനായില്ല. ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി താരം മടങ്ങിയതോടെ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് എന്ന നിലയിലായി.
പിന്നാലെ സർഫറാസ് ഖാനും വീണതോടെ സ്കോർ മൂന്നിന് പത്ത് റൺസ് എന്ന നിലയിലായി. ക്ഷമയോടെ പിടിച്ചുനിന്ന യശ്വസ്വി ജയ്സ്വാൾ 21-ാം ഓവറിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 63 പന്തിൽ 13 റൺസാണ് താരം നേടിയത്. റണ്ണൊന്നും കണ്ടെത്താനാകാതെ രാഹുലും ജദേജയും മടങ്ങിയതോടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ആർ. അശ്വിൻ നേരിട്ട ആദ്യ പന്തിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി പുറത്തായി. വൈകാതെ പന്തും മടങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകൾ അവസാനിച്ചു. ജസ്പ്രീത് ബുംറക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്. കുൽദീപ് ഒരു റൺ നേടിയപ്പോൾ മുഹമ്മദ് സിറാജ് നാല് റൺസുമായി പുറത്താകാതെ നിന്നു. കിവീസിനായി വിൽ ഒറൂക് നാല് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.
നേരത്തെ ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച പ്രകടനം തുടരാനാണ് ടീം ഇന്ത്യയുടെ പ്ലാനെന്ന് വ്യക്തമാക്കിയാണ് രോഹിത് ബാറ്റിങ് തെരഞ്ഞെടുത്ത്. ഈർപ്പമുള്ള പിച്ചിൽ തുടക്കത്തിൽ ബാറ്റിങ് ദുഷ്കരമാണെങ്കിലും പിച്ച് ഉണങ്ങുന്ന മുറയ്ക്ക് ബാറ്റിങ്ങിന് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കിവീസ് ബൗളർമാരുടെ തീപാറുന്ന പ്രകടനത്തിനു മുമ്പിൽ ആതിഥേയർക്ക് അടിതെറ്റി. ആദ്യ സെഷനിൽ തന്നെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് വൻ തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.