രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; അഞ്ചു വിക്കറ്റുകൾ നഷ്ടം
text_fieldsകാൺപൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 32 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. 133 റൺസിന്‍റെ ലീഡ് മാത്രമാണ് ഇന്ത്യക്കുള്ളത്.
ഒന്നിന് 14 റൺസ് എന്ന നിലയിൽ നാലാം ദിനം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക്, സ്കോർ ബോർഡിൽ 37 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. ശ്രേയസ്സ് ആയ്യരും (18) രവിചന്ദ്ര അശ്വിനുമാണ് (20) ക്രീസിലുള്ളത്. ചേതേശ്വർ പൂജാര (33 പന്തിൽ 22), മായങ്ക് അഗർവാൾ (53 പന്തിൽ 17), അജിങ്ക്യ രഹാനെ (15 പന്തിൽ നാല്), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിവരാണ് പുറത്തായത്. ഒരു റൺസെടുത്ത് ശുഭ്മാൻ ഗിൽ മൂന്നാം ദിനം പുറത്തായിരുന്നു. ന്യൂസിലാൻഡിനായി ടീം സൗത്തി, കൈൽ ജമീസൺ എന്നിവർ രണ്ടു വിക്കറ്റും അജാസ് പട്ടേൽ ഒരു വിക്കറ്റും നേടി.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 345 റൺസ് പിന്തുടർന്ന ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 296 റൺസിന് പുറത്തായിരുന്നു. മൂന്നാം ദിവസം ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടിയതോടെയാണ് വലിയ സ്കോറിലേക്ക് കുതിച്ചിരുന്ന ന്യൂസിൻലാൻഡ് ബാറ്റർമാർ തകർന്നടിഞ്ഞത്. ഒരുദിവസം മാത്രം ബാക്കി നിൽക്കെ, ഇരു ടീമുകൾക്കും ഒരുപോലെ വിജയപ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.